വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വീണ്ടും രൂക്ഷമാകുന്നു. രഹസ്യാന്വേഷണ സംവിധാനങ്ങള്‍ക്കെതിരായ ട്രംപിന്റെ പ്രസ്താവനക്കെതിരെ വൈസ് പ്രസിഡന്റ് ജോ ബൈഡണ്‍ രംഗത്തെത്തി. റഷ്യന്‍ ഇടപെടലിന്റെ കൂടുതല്‍ തെളിവുകള്‍ അടുത്തയാഴ്ച പുറത്തു വിടുമെന്ന് രഹസ്യാന്വേഷണ ഏജന്‍സി തലവന്‍ വ്യക്തമാക്കി.
ട്രംപ് കുറച്ചു കൂടി വളരണം. താന്‍ ഒരു പ്രസിഡന്റാണെന്ന ബോധം അദ്ദേഹത്തിന് ഉണ്ടാകണം. രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കെതിരായ ട്രംപിന്റെ നിരന്തരമായ ട്വിറ്റര്‍ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു കൊണ്ട് ബൈഡന്‍ പറഞ്ഞു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടയാള്‍ക്ക് രാജ്യത്തെ രഹസ്യാന്വേഷണ സംവിധാനങ്ങളില്‍ വിശ്വാസമില്ല എന്ന് പറയുന്നത് തീര്‍ത്തും ബുദ്ധിഹീനമാണെന്നും ബൈഡന്‍ പറഞ്ഞു.
രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് അറിയുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ തനിക്കറിയാമെന്നാണ് ട്രംപിന്റെ ഭാവം. പാഠഭാഗങ്ങള്‍ അധ്യാപകനേക്കാള്‍ നന്നായി എനിക്ക് അറിയാം എന്ന് ഒരു വിദ്യാര്‍ത്ഥി പറയുന്നത് പോലെയാണിതെന്നും ബൈഡന്‍ പരിഹസിച്ചു. റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തനിക്ക് കൈമാറാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തയ്യാറാകുന്നില്ലെന്ന് ട്രംപ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
ഇതിനിടെ റഷ്യന്‍ ഇടപെടലിന്റെ കൂടുതല്‍ വിവരങ്ങള്‍ അടുത്തയാഴ്ച പുറത്തുവിടുമെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് മേധാവി ജെയിംസ് ക്ലാപ്പര്‍ വ്യക്തമാക്കി.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മെയിലുകള്‍ ഹാക്ക് ചെയ്യാന്‍ പുചിന്‍ നേരിട്ട് ഉത്തരവിട്ടെന്നും ഇതിനു പിന്നിലുള്ള ലക്ഷ്യം പിന്നീട് വ്യാക്തമാക്കുമെന്നാണ് ക്ലാപ്പര്‍ പറഞ്ഞത്. പ്രസിഡന്റ് ഒബാമയ്‌ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കഴിഞ്ഞു. ഇതിന്റെ ഉള്ളടക്കം നിയുക്ത പ്രസിഡന്റ് എന്ന നിലയില്‍ ഡോണള്‍ഡ് ട്രംപിനെയും അറിയിക്കും. അതിനു ശേഷം വിവരങ്ങള്‍ ലോകത്തെ അറിയിക്കുമെന്നും ക്ലാപ്പര്‍ പറഞ്ഞു.
