Asianet News MalayalamAsianet News Malayalam

കൊട്ടക്കമ്പൂര്‍ ഭൂമി കൈയേറ്റം: ജോയ്സ് ജോര്‍ജിന് റവന്യൂ മന്ത്രിയുടെ ക്ലീന്‍ ചിറ്റ്

Joice George MP encroachment case
Author
First Published Nov 16, 2017, 2:41 PM IST

ഇടുക്കി: വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂർ വില്ലേജിൽ വ്യാജരേഖകളിലൂടെ ഇടുക്കി എംപി ജോയ്സ് ജോർജ് ഭൂമി തട്ടിയെടുത്തെന്ന ആരോപണം നിഷേധിച്ച് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. കൊട്ടാക്കമ്പൂരിൽ ജോയ്സ് ജോർജ് ഭൂമി കയ്യേറിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ജോയ്സ് ജോര്‍ജ് കയ്യേറ്റക്കാരനല്ലെന്നും പട്ടയം റദ്ദാക്കിയ ദേവികുളം സബ് കലക്ടറുടെ നടപടി പുനഃപരിശോധിക്കാമെന്നും റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു.ഉടുമ്പൻചോലയിൽ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴായിരുന്നു ജോയ്സ് ജോർജിന് മന്ത്രി ക്ലീൻചിറ്റ് നൽകിയത്.

ദേവികുളം സബ് കലക്ടറെടുത്ത നടപടി അദ്ദേഹത്തിന്‍റെ മുന്നിലുള്ള നിയമവശങ്ങൾ നോക്കിയാണെന്നും പക്ഷേ അത് അന്തിമമല്ലെന്നും മന്ത്രി വ്യക്തമാക്കി. കൊട്ടാക്കമ്പൂര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ വിഷയത്തിൽ സിപിഐക്കെതിരെ സിപിഎം പടയൊരുക്കം തുടങ്ങിയ സമയത്താണ് റവന്യൂ മന്ത്രിയും സിപിഐയും നിലപാട് മാറ്റിയത് എന്നത് ശ്രദ്ധേയമാണ്.

റവന്യൂ വകുപ്പിനെ സമ്മർദ്ദത്തിലാക്കാന്‍  10 പഞ്ചായത്തില്‍ ഈ മാസം 21ന് മൂന്നാർ സംരക്ഷണ സമിതിയുടെ പേരില്‍ സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു. അതേസമയം ഹർത്താൽ ആർക്കു വേണമെങ്കിലും നടത്താമെന്നായിരുന്നു റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ പ്രതികരണം. ജോയ്സ് ജോർജിന്റേത് കൈയ്യേറ്റ ഭൂമിയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ പറഞ്ഞിരുന്നു.

കൊട്ടാക്കമ്പൂർ വിവാദ ഭൂമി ഇടപാടിൽ ജോയ്സ് ജോർജിന്റെ 20 ഏക്കർ ഭൂമിയുടെ കൈവശാവകാശം സർക്കാർ റദ്ദാക്കിയിരുന്നു. സർക്കാർ തരിശുഭൂമിയെന്നു കണ്ടത്തിയതിനാലാണു ദേവികുളം സബ് കലക്ട്‍ വി.ആർ.പ്രേംകുമാറിന്റെ നടപടി. ഭൂമി തട്ടിയെടുക്കാൻ വ്യാജ രേഖ ചമച്ചെന്നും ഒറ്റദിവസം കൊണ്ട് എട്ടു പേർക്ക് പട്ടയം നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂർ വില്ലേജിലുള്ള 24 ഏക്കർ ഭൂമിയുടെ കൈവശാവകാശമാണ് റദ്ദാക്കിയത്.

Follow Us:
Download App:
  • android
  • ios