അര്‍ജന്‍റീന അണ്ടര്‍ 20 ടീമിന്‍റെ ചുമതല താത്കാലികമായി സാംപോളിക്ക് നല്‍കിയിട്ടുണ്ട്

മോസ്ക്കോ: ലോകകപ്പില്‍ വലിയ പ്രതീക്ഷകളുമായെത്തി കണ്ണീരണിഞ്ഞാണ് അര്‍ജന്‍റീന മടങ്ങിയത്. ഫ്രാന്‍സിന് മുന്നില്‍ പ്രീ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ട് തലകുനിച്ച് മടങ്ങിയ ലിയോണല്‍ മെസിയുടെ ചിത്രം ആരാധകര്‍ക്ക് വലിയ വേദനയായി അവശേഷിക്കുകയാണ്. പരിശീലകന്‍ ജോര്‍ജ് സാംപോളിയുടെ മണ്ടത്തരങ്ങളും പാളിയ തന്ത്രങ്ങളുമാണ് അര്‍ജന്‍റീനയ്ക്ക് വലിയ തിരിച്ചടിയായതെന്ന വിമര്‍ശനം ആദ്യം തന്നെ ഉയര്‍ന്നിരുന്നു.

എന്നാല്‍ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാകാത്ത സാംപോളി പരിശീലകസ്ഥാനത്ത് തുടരുമെന്നാണ് ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ ഇപ്പോള്‍ സാംപോളിയുടെ പടിയിറക്കം സംബന്ധിച്ച് തീരുമാനമായതായി അര്‍ജന്‍റീന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം അവസാനം വരെയാണ് സാംപോളിയുമായി കരാറുള്ളത്. 

സാംപോളിയുടെ കാര്യത്തില്‍ തീരുമാനം കൈകൊള്ളാനായി അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ നിര്‍വാഹകസമിതി യോഗം വിളിച്ചിട്ടുണ്ട്. ജൂലൈ അവസാനമാകും നിര്‍വാഹകസമിതി യോഗമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സാംപോളിയുമായുള്ള കരാര്‍ തുടരേണ്ടതില്ലെന്ന നിലപാടിലാണ് എഎഫ്എ. കരാര്‍ അവസാനിക്കുന്നതുവരെ തുടരേണ്ടതുണ്ടോയെന്ന കാര്യം നിര്‍വാഹക സമിതി യോഗത്തില്‍ തീരുമാനിക്കും.

അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും സാംപോളിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടികാഴ്ചയില്‍ സാംപോളിയുടെ പടിയിറക്കം സംബന്ധിച്ച തീരുമാനമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സാംപോളിക്ക് പകരക്കാരനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് എഎഫ്എ എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗാര്‍ഡിയോളയടക്കമുള്ളവരാണ് പരിഗണനയിലുള്ളത്. അതേസമയം അര്‍ജന്‍റീന അണ്ടര്‍ 20 ടീമിന്‍റെ ചുമതല താത്കാലികമായി സാംപോളിക്ക് നല്‍കിയിട്ടുണ്ട്.