രാഷ്ട്രീയ നേതാവിന്‍റെ മകന്‍റെ പേര് വെളിപ്പെടുത്തില്ല വിവാദത്തിനില്ലെന്ന് ജോസ് കെ മാണി എംപിയുടെ ഭാര്യ
കോട്ടയം: ട്രെയിനില് വച്ച് യാത്രക്കിടെ രാത്രി തന്നെ അപമാനിച്ച രാഷ്ട്രീയ നേതാവിന്റെ മകന്റെ പേര് വെളിപ്പെടുത്തില്ലെന്ന് ജോസ് കെ മാണി എപിയുടെ ഭാര്യ നിഷ ജോസ്. വിവാദത്തിനില്ല, പക്ഷെ ഇത്തരക്കാര് സമൂഹത്തിലുണ്ടെന്ന് എല്ലാവരും അറിയണമെന്നും നിഷ പ്രതികരിച്ചു. ട്രെയിൻ യാത്രക്കിടെ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന് തന്നെ അപമാനിച്ചിട്ടുണ്ടെന്ന നിഷയുടെ വെളിപ്പെടുത്തല് വിവാദമായിരുന്നു.
നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്. തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയായിരുന്നു രാഷ്ട്രീയ നേതാവിന്റെ മകന് അപമാനിച്ചതെന്ന് നിഷ പുസ്തകത്തില് പറയുന്നു. . കോട്ടയത്തേക്കുള്ള യാത്രക്കിടെയാണ് രാഷ്ട്രീയ നേതാവിന്റെ മകനാണെന്ന് പറഞ്ഞ് ആ യുവാവ് പരിചയപ്പെട്ടത്. രാത്രിയാണ് സംഭവം നടക്കുന്നത്. മെലിഞ്ഞ പ്രകൃതമുള്ള യുവാവ് അച്ഛന്റെ പേര് പറഞ്ഞ് പരിചയപ്പെട്ട ശേഷം സംസാരം ആരംഭിച്ചു. അപകടത്തിൽപ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയിൽ കിടക്കുന്ന ഭാര്യാപിതാവിനെ കാണാൻ വന്നതാണെന്നാണ് പറഞ്ഞത്. സംസാരത്തിനിടെ അയാള് അനാവശ്യമായ കാല്പാദത്തില് സ്പര്ശിച്ചുവെന്നും നിഷ പുസ്തകത്തില് വെളിപ്പെടുത്തുന്നു.
ശല്യം സഹിക്കാനാവാതെ എഴുനേറ്റ് പോകാന് പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. സഹികെട്ടപ്പോൾ ടിടിആറിനോട് പരാതിപ്പെട്ടു. എന്നാല് യുവാവും അയാളുടെ അച്ഛനെപ്പോലെയാണെങ്കിൽ ഇടപെടാൻ എനിക്കു പേടിയാണ് എന്നായിരുന്നു ടിടിആറിന്റെ മറുപടി. ‘നിങ്ങൾ ഒരേ രാഷ്ട്രീയ മുന്നണിയിൽ ഉൾപ്പെട്ടവരായതിനാൽ ഇത് ഒടുവിൽ എന്റെ തലയിൽ വീഴുമെന്ന് പറഞ്ഞ് ടിടിആര് കൈമലര്ത്തിയെന്നും നിഷ പുസ്തകത്തില് വിവരിക്കുന്നു.
തനിക്കുണ്ടായ മോശം അനുഭവം അടഞ്ഞ അധ്യായമാണ്. ഇതു സംബന്ധിച്ചു നിയമനടപടി സ്വീകരിക്കാനോ കൂടുതൽ വിവാദങ്ങൾ സൃഷ്ടിക്കാനോ ആഗ്രഹിക്കുന്നില്ലെന്ന് നിഷ ജോസ് പറഞ്ഞു ഇക്കാര്യങ്ങൾ പൊതു സമൂഹം മനസിലാക്കുന്നതിനു വേണ്ടിയാണു പുസ്തകത്തിൽ ഉൾപ്പെടുത്തിയതെന്നും നിഷ പ്രതികരിച്ചതായി ദീപിക ഓണ്ലൈന് റിപ്പോര്ട്ട് ചെയ്തു.
