പ്രതിഷേധങ്ങൾ സ്വാഭാവികം മാത്രമെന്നും ജോസ് കെ മാണി

കോട്ടയം: കുടുംബത്തിൽ നിന്ന് ഇനി മറ്റൊരാൾ രാഷട്രീയത്തിലേക്ക് വരില്ലെന്നും താന്‍ കോട്ടയത്ത് തന്നെ സജീവമായുണ്ടാകുമെന്നും ജോസ് കെ.മാണി അറിയിച്ചു. രാജ്യസഭാ സ്ഥാനാർത്ഥി ആരാകണമെന്ന ഒരു നിർദ്ദേശവും കോൺഗ്രസ് മുന്നോട്ട് വച്ചിട്ടില്ല. ഇപ്പോഴുള്ള പ്രതിഷേധങ്ങൾ സ്വാഭാവികം മാത്രമെന്നും ജോസ് കെ മാണി ഏഷ്യാനെറ്റ് ന്യൂസിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. യുഡിഎഫിന്‍റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാണ് ജോസ് കെ മാണി. ഇന്നലെ രാത്രിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം കേരള കോണ്‍ഗ്രസ്സ് എമ്മിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്.

രാജ്യസഭയിലേക്കുള്ള നിലവിലെ കോണ്‍ഗ്രസ് സീറ്റില്‍ ഒഴിവുവന്നതോടെ യുഡിഎഫ് ഇത് കേരള കോണ്‍ഗ്രസിന് കൈമാറുകയായിരുന്നു. നാല് വര്‍ഷങ്ങങ്ങള്‍ക്ക് ശേഷം ഇത് കോണ്‍ഗ്രസിന് തിരിച്ച് നല്‍കുമെന്നുമാണ് കഴിഞ്ഞ ദിവസം ഹൈക്കമാന്‍റുമായി നടന്ന ചര്‍ച്ചയ്ക്കൊടുവില്‍ തീരുമാനിച്ചത്. ഇതോടെ മാണിയോ മകന്‍ ജോസ് കെ മാണിയോ ഈ സീറ്റില്‍ മത്സരിക്കുമെന്ന് ഉറപ്പായിരുന്നു. ഇന്നലെ പാലായില്‍ നടന്ന കേരളാ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്. പാര്‍ട്ടി ഒറ്റക്കെട്ടായാണ് ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതെന്ന് പി ജെ ജോസഫ് അറിയിച്ചു. 

ലോക്സഭയിൽ ഇനി 11 മാസം കൂടി കാലവധി നിൽക്കുമ്പോഴാണ് ജോസ് കെ. മാണി രാജ്യസഭയിലേക്ക് പോകുന്നത്. കെ എം മാണിക്ക് താല്പര്യമില്ലെന്നറിയിച്ചതോടെ ജോസ് കെ മാണി എന്ന പേരിലേക്ക് ചർച്ചകൾ ചുരുങ്ങിയിരുന്നു. ഇതിനിടയിൽ മാണി വിഭാഗത്തിലെ ചിലരുടെ പേരുകൾ മുന്നോട്ട് വച്ചെങ്കിലും പി.ജെ ജോസഫ് എതിർത്തു. കേരള കോൺ​ഗ്രസിന് സീറ്റ് നൽകിയതുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിലുണ്ടായ പൊട്ടിത്തെറി താൽക്കാലികമാണെന്ന് പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട കെ.എം.മാണി പറഞ്ഞു.