കൂടുതല്‍ വിവാദത്തിനില്ല പേരു വെളിപ്പെടുത്തുന്നത് വ്യക്തിപരമായ കാര്യം

കോട്ടയം: രാഷ്ട്രീയ നേതാവിന്‍റെ മകനെതിരെ തന്‍റെ ഭാര്യ നിഷയുടെ പുസ്തകത്തിലെ പരാമർശം വിവാദമാക്കേണ്ട കാര്യമില്ലെന്ന് ജോസ് കെ മാണി എംപി. പുസ്തത്തിലെ സന്ദേശമാണ് പ്രധാനം. ഒരു രാഷ്ട്രീയ നേതാവിന്റെ കുടുംബത്തിലുണ്ടാകുന്ന സംഭവങ്ങളാണ് പറഞ്ഞത്. കൂടുതല്‍ വിവാദത്തിനില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു.

ആരോപിതന്‍റെ പേര് വെളിപ്പെടുത്തണോ വേണ്ടയോ എന്നത് വ്യക്തിപരമായ കാര്യമാണ്. എന്തായാലും വിഷയത്തില്‍ കൂടുതല്‍ വിവാദത്തിനില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കി. ട്രെയിൻ യാത്രക്കിടെ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്‍റെ മകന്‍ തന്നെ അപമാനിച്ചിട്ടുണ്ടെന്ന് ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷാ ജോസിന്‍റെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു.

നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍. തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയായിരുന്നു രാഷ്ട്രീയ നേതാവിന്‍റെ മകന്‍ അപമാനിച്ചതെന്ന് നിഷ പുസ്തകത്തില്‍ പറയുന്നു. യാത്രയിലേറ്റ അപമാനം വിവരിച്ച് 'മീ ടൂ' പ്രതാരണത്തില്‍ താനും പങ്കു ചേരുന്നുവെന്ന് നിഷ പറയുന്നു. കോട്ടയത്തേക്കുള്ള യാത്രക്കിടെയാണ് രാഷ്ട്രീയ നേതാവിന്‍റെ മകനാണെന്ന് പറഞ്ഞ് ആ യുവാവ് പരിചയപ്പെട്ടത്. രാത്രിയാണ് സംഭവം നടക്കുന്നത്. 

മെലിഞ്ഞ പ്രകൃതമുള്ള യുവാവ് അച്ഛന്‍റെ പേര് പറഞ്ഞ് പരിചയപ്പെട്ട ശേഷം സംസാരം ആരംഭിച്ചു. അപകടത്തിൽപ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയിൽ കിടക്കുന്ന ഭാര്യാപിതാവിനെ കാണാൻ വന്നതാണെന്നാണ് പറഞ്ഞത്. സംസാരത്തിനിടെ അയാള്‍ അനാവശ്യമായ കാല്‍പാദത്തില്‍ സ്പര്‍ശിച്ചുവെന്നും നിഷ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു.