അന്തേവാസിയെ ഡയറക്ടർ പിഡിപ്പിച്ചുവെന്ന പരാതിയെത്തുടർന്ന് കോട്ടയം പാമ്പാടിയിലെ ആശ്വാസ് ഭവന്റെ പ്രവർത്തനം മരവിപ്പിച്ചു. പീഡനക്കേസിൽ അറസ്റ്റിലായ ആശ്വാസ് ഭവൻ ഡയറക്ടർ ജോസഫ് മാത്യുവിനെ അടുത്ത മാസം 10 വരെ റിമാൻഡ് ചെയ്തു.
പ്രായപൂർത്തിയാകാത്ത അന്തേവാസിയെ പീഡീപ്പിച്ചുവെന്ന പരാതിയിൽ കഴിഞ്ഞ ദിവസം കോട്ടയം പാമ്പാടിയിലെ ആശ്വാസ് ഭവൻ ഡയറക്ടർ ജോസഫ് മാത്യുവിനെ അറസ്റ്റ് ചെയ്തതോടെയാണ് ഇവിടെ പാർപ്പിച്ചിരുന്ന 12 കുട്ടികളെയും മാറ്റിപ്പാർപ്പിക്കാൻ പൊലീസ് തീരുമാനിച്ചത്. ജയിലിൽ കഴിയുന്നവരുടെ കുട്ടികളെ സംരക്ഷിക്കുന്ന സന്നദ്ധസ്ഥാപനമായ ആശ്വാസ് ഭവനിൽ കഴിഞ്ഞിരുന്ന ഇടുക്കി സ്വദേശിയായ 12കാരിയെ പിഡിപ്പിച്ചുവെന്ന പരാതിയിലാണ് ഡയറക്ടർ ജോസഫ് മാത്യു പിടിയിലായത്. 2016ൽ നടന്ന പീഡനവിവരത്തെക്കുറിച്ച് ചൈൽഡ് ലൈൻ പ്രവർത്തകരാണ് പൊലീസിൽ പരാതി നൽകിയത്. ജോസഫ് മാത്യുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയായിരുന്നു അറസ്റ്റ്. ഡയറക്ടർ പിടിയിലായതോടെ സ്ഥാപനത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. സ്ഥാപനത്തിന്റെ പ്രവർത്തനം മരവിപ്പിക്കുകയും ചെയ്തു.
സ്ഥാപനത്തിൽ നേരത്തെയുണ്ടായിരുന്ന അന്തേവാസികളിൽ നിന്ന് പൊലീസ് മൊഴിയെടുക്കും, ചാരിറ്റബിൾ ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനത്തെക്കുറിച്ച് നേരത്തെ ചില പരാതികൾ കിട്ടിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി പുതിയ സാഹചര്യത്തിൽ ഇത്തരത്തിലുള്ള മുഴുവൻ സ്ഥാപനങ്ങളുടേയും പ്രവർത്തനങ്ങൾ പരിശോധിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
