പത്തനംതിട്ട: യുവമാധ്യമപ്രവര്‍ത്തക അനുശ്രീ പിള്ള(28) അന്തരിച്ചു. പത്തനംതിട്ട ചെട്ടിമുക്കിലെ സ്വകാര്യ ക്ലിനിക്കില്‍ വയറുവേദനക്ക് ചികിത്സ തേടുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മരുന്ന് മാറി കുത്തിവെച്ചതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ മലയാളം വാര്‍ത്താ പോര്‍ട്ടല്‍ സമയം.കോമിലെ ചീഫ് കോപ്പി എഡിറ്ററായിരുന്ന അനുശ്രീ പിള്ള ഇന്നലെ രാത്രി 10 മണിയോടെയാണ് കുഴഞ്ഞുവീണ് മരിച്ചത്. പത്തനംതിട്ട കോഴഞ്ചേരിക്ക് സമീപം ചെട്ടിമുക്കിലുള്ള വീട്ടില്‍ ഉണ്ടായിരുന്ന അനുശ്രീക്ക് വൈകിട്ടോടെ വയറുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് സമീപത്തുള്ള സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയെത്തി.
ഇവിടെവെച്ച് കുത്തിവെയ്പ്പ് എടുത്തതിന് തൊട്ടുപിന്നാലെ അനുശ്രീ പിള്ള കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആശുപത്രിയില്‍ അനുശ്രീക്കൊപ്പം ഉണ്ടായിരുന്ന അമ്മ പറയുന്നു.
എന്നാല്‍ ക്ലിനിക്കില്‍ എത്തുമ്പോള്‍ തന്നെ അനുശ്രീയുടെ ആരോഗ്യനില വഷളായിരുന്നെന്നും മരുന്ന് മാറി കുത്തിവെച്ചിട്ടില്ലെന്നും ചെട്ടിമുക്കിലെ ഷെറീന ക്ലിനിക്കിലെ ഡോക്ടര്‍ പറയുന്നു. വിദഗ്ദ്ധ ചികിത്സ നിര്‍ദ്ദേശിച്ചെങ്കിലും വാഹനം കിട്ടാത്തതിനാല്‍ വൈകിയാണ് അനുശ്രീയെ കോഴഞ്ചേരിക്ക് കൊണ്ടുപോയതെന്നും ഡോക്ടര്‍ വിശദീകരിക്കുന്നു. ക്ലിനിക്ക് പൊലീസ് സീല്‍ചെയ്തു. 28കാരിയായ അനുശ്രീ നേരത്തെ ജയ്ഹിന്ദ്, ഇന്ത്യാവിഷന്‍ ചാനലുകളില്‍ ജോലി ചെയ്തിട്ടുണ്ട്. സംസ്കാരം പിന്നീട് നടക്കും.

