കൊല്ലം:കൊല്ലം ട്രിനിറ്റി സ്കൂളിലെ വിദ്യാര്‍ത്ഥി ഗൗരി നേഹയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിചേര്‍ക്കപ്പെട്ട അദ്ധ്യാപകരുടെ ബന്ധുക്കള്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. കൊല്ലം മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് പ്രതികള്‍ ജാമ്യമെടുത്ത് മടങ്ങുമ്പോഴാണ് സംഭവം. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു കൊല്ലം മജിസ്ട്രേറ്റ് കോടതിയിലെത്തി പ്രതികളായ സിന്ധു, ക്രസന്‍റ് എന്നീ അദ്ധ്യാപികമാര്‍ മുൻകൂര്‍ ജാമ്യമെടുത്തത്.

പതിനേഴ് ദിവസമായി ഇവര്‍ ഒളിവിലായിരുന്നു. അദ്ധ്യാപികമാരെ കോടതിയില്‍ നിന്ന് ഇറക്കുന്ന സമയത്ത് മാധ്യമപ്രവര്‍ത്തകര്‍ ഇവരുടെ പ്രതികരണം ആരാഞ്ഞു. ഇതേതുടര്‍ന്ന് പ്രകോപിതരായ ബന്ധുക്കള്‍ മാധ്യമപ്രവര്‍ത്തകരെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. കൈരളി, ജനം, എന്നീ മാധ്യമങ്ങളുടെ ക്യാമറകള്‍ കേടാകുകയും നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കോടതി പരിസരത്ത് കൂടി നിന്ന നാട്ടുകാര്‍ക്കും പ്രതികളുടെ ബന്ധുക്കളില്‍ നിന്നും മര്‍ദ്ദനമേറ്റു. അക്രമത്തിന് നേതൃത്വം നല്‍കിയ പള്ളിത്തോട്ടം സ്വദേശി അയ്‍വാനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പൊലീസ് നോക്കി നില്‍ക്കെയായിരുന്നു സംഭവം. ബന്ധുക്കളുടെ മര്‍ദ്ദനം.കണ്‍ട്രോള്‍ റൂം സിഐ അനില്‍, ഡ്രൈവര്‍ അജിൻകുമാര്‍ എന്നിവരും മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തു