നിലമ്പൂർ വനത്തിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിനെതിരെ നടന്‍ ജോയ് മാത്യു. വെടിവെച്ചു കൊല്ലാൻ മാത്രം എന്തായിരുന്നു മാവോയിസ്റ്റുകൾ ചെയ്ത കുറ്റങ്ങൾ എന്ന് അഭ്യന്തരം കൂടി വഹിക്കുന്ന മുഖ്യമന്ത്രി ജനങ്ങളോട്‌ പറയാൻ ബാധ്യസ്‌ഥനല്ലേയെന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ ചോദിക്കുന്നു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഞാനൊരു മാവോയിസ്റ്റ്‌ അല്ല. എങ്കിലും പോലീസ്‌ ഏറ്റുമുട്ടലിനെ സംശയത്തോടെ കാണുന്നവനാണ്. അതിനു ഇടതു-വലത്‌ പക്ഷങ്ങൾ വേണമെന്നില്ല. മനുഷ്യപക്ഷമായാൽ മതി. പൊലീസ്‌ ഏറ്റുമുട്ടലുകൾ എന്നത്‌ പോലീസ്‌ കെട്ടിച്ചമക്കുന്ന വ്യാജ വാർത്തയാണെന്നതിനു ഉദാഹരണങ്ങൾ നിരവധി. കമ്മ്യൂണിസ്റ്റ്‌ നേതാവ്‌ വർഗ്ഗീസിനെ വെടിവെച്ചു കൊന്നതാണെന്ന സത്യം രാമചന്ദ്രൻ പൊലീസിന്റെ പിന്നീടുള്ള കുറ്റസമ്മതത്തിലൂടെ നാം അറിഞ്ഞതാണല്ലോ. ക്വട്ടേഷൻ സംഘങ്ങൾ പട്ടാപ്പകൽ രക്തചൊരിച്ചിൽ നടത്തുമ്പോൾ രാഷ്‍ട്രീയ പകപോക്കലിന്റെ ഭാഗമായി മനുഷ്യരെ നടുറോഡിലിട്ട്‌ വെട്ടിക്കൊല്ലുന്പോൾ മതഭ്രാന്തന്മാർ മനുഷ്യരുടെ കൈപ്പത്തികൾ വെട്ടിമാറ്റുമ്പോൾ ഈ പോലീസ്‌ എവിടെയായിരുന്നു? വെടിവെച്ചു കൊല്ലാൻ മാത്രം എന്തായിരുന്നു മാവോയിസ്റ്റുകൾ ചെയ്ത കുറ്റങ്ങൾ എന്ന് അഭ്യന്തരം കൂടി വഹിക്കുന്ന മുഖ്യമന്ത്രി ജനങ്ങളോട്‌ പറയാൻ ബാധ്യസ്‌ഥനല്ലേ.