തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഎസ്എസിന് നാലു സീറ്റ് വേണമെന്ന് കെ.ആര്‍ ഗൗരിയമ്മ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് സിപിഎം നേതാക്കളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, വൈക്കം വിശ്വന്‍ എന്നിവരുമായുള്ള ചര്‍ച്ചയിലാണ് ഗൗരിയമ്മ ഈ ആവശ്യം ഉന്നയിച്ചത്.

ആദ്യം അഞ്ചു സീറ്റാണ് ഗൗരിയമ്മ ആവശ്യപ്പെട്ടത്. അരൂര്‍, ചേര്‍ത്തല, വര്‍ക്കല, ഇരവിപുരം, മൂവാറ്റുപുഴ എന്നീ സീറ്റുകളാണ് ഗൗരിയമ്മ ആവശ്യപ്പെട്ടതെന്നാണ് സൂചന. എന്നാല്‍ ഈ ആവശ്യം ഇടതു നേതാക്കള്‍ നിരാകരിച്ചു. നാലു സീറ്റും നല്‍കാനാകില്ലെന്ന് അപ്പോള്‍ത്തന്നെ പിണറായിയും കൂട്ടരും ഗൗരിയമ്മയെ അറിയിച്ചു.

22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗൗരിയമ്മ എകെജി സെന്ററിലെത്തിയത്. പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയ ശേഷം ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍, എകെജി ഹാളില്‍ എത്തിയെങ്കിലും പാര്‍ട്ടി സംസ്ഥാന സെന്റര്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് മുറിയില്‍ 22 വര്‍ഷത്തിനു ശേഷമാണു ഗൗരിയമ്മ എത്തുന്നത്.