സെഷൻകോടതി ജഡ്ജിയെ സ്ഥലം മാറ്റി രവീന്ദ്രകുമാര്‍ ജോഷിയെയാണ് സ്ഥലംമാറ്റിയത് രാജസ്ഥാനിലെ 87 ജഡ്ജിമാര്‍ക്കാണ് സ്ഥലംമാറ്റം സ്വഭാവിക നടപടിയെന്ന് വിശദീകരണം

ദില്ലി: നടന്‍ സൽമാൻ ഖാന്‍റെ കേസ് പരിഗണിക്കുന്ന സെഷൻകോടതി ജഡ്ജി രവീന്ദ്രകുമാര്‍ ജോഷിയെ സ്ഥലം മാറ്റി. രവീന്ദ്രകുമാര്‍ ജോഷിയടക്കം രാജസ്ഥാനിലെ 87 പേര്‍ക്കാണ് സ്ഥലം മാറ്റം. രവീന്ദ്രകുമാർ ജോഷി തന്നെയാണ് ഇപ്പോൾ സൽമാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. 

സ്വഭാവിക നടപടി മാത്രമാണെന്നാണ് വിശദീകരണം. രാജസ്ഥാനില്‍ സാധാരണ ഏപ്രില്‍ 15 ന് ശേഷമാണ് ജഡ്ജിമാരുടെ സ്ഥലംമാറ്റം. ഇത്തവണ സ്ഥലം മാറ്റം നേരത്തേയാണ്. അതേസമയം, സൽമാൻ ഖാന്‍റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുകയാണ്. സെഷൻസ് കോടതി ജഡ്ജി രവീന്ദ്ര കുമാർ ജോഷി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ദേവ് കുമാർ ഖാത്രിയെ കണ്ടു. സൽമാൻ ഖാന്റെ ജാമ്യാപേക്ഷ തള്ളണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. സാക്ഷിമൊഴികൾ സൽമാന് എതിരാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

സാക്ഷിമൊഴികൾ വിശ്വാസത്തിലെടുക്കരുതെന്നും ജയിലിൽ സുരക്ഷാ ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സൽമാൻ അപേക്ഷ നൽകിയത്. അഞ്ച് വർഷം തടവുശിക്ഷ വിധിച്ച ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ വിധിക്കെതിരെയാണ് സൽമാൻ ഖാൻ ജാമ്യാപേക്ഷ നൽകിയത്. വ്യാഴാഴ്ചയാണ് 1998 ല്‍ രണ്ട് കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാനെ അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചത്. ജോധ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ 106ാം നമ്പര്‍ തടവുകാരനാണ് സല്‍മാന്‍ ഇപ്പോള്‍.