തിരുവനന്തപുരം: മുൻ മന്ത്രി എ.കെ ശശീന്ദ്രന്‍റെ രാജിക്ക് കാരണമായ  ഫോൺവിളി വിവാദത്തിൽ ജസ്റ്റിസ് പി.എസ് ആന്‍റണി കമ്മീഷൻ അന്വഷണം പൂർത്തിയായി. അടുത്തമാസം ആദ്യവാരം കമ്മീഷൻ സർക്കാറിന് റിപ്പോർട്ട് കൈമാറും. കേസ് ഒത്തു തീർപ്പാക്കാനുള്ള  പരാതിക്കാരിയുടെ തീരുമാനം കമ്മീഷന്‍റെ പരിധിയിൽ വരുന്ന വിഷയമല്ലെന്ന് ജസ്റ്റിസ് പി.എസ് ആന്‍റണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മുൻ മന്ത്രി ശശീന്ദ്രന്‍റെ രാജിക്ക് കാരണമായ ഫോൺവിളിക്ക് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ, ഫോൺ സംഭാഷണം പ്രക്ഷേപണം ചെയ്തതിൽ നിയമലംഘനങ്ങളുണ്ടോയിട്ടുണ്ടോ എന്നതടക്കം അഞ്ച് കാര്യങ്ങളിലാണ് ജസ്റ്റിസ് പി.എസ് ആന്‍റണി കമ്മീഷൻ അന്വേഷണം നടത്തിയത്.എ.കെ ശശീന്ദ്രനടക്കം 17 സാക്ഷികളെ കമ്മീഷൻ വിസ്തരിച്ചു. ഫോൺ സംഭാഷണം നടത്തിയ പരാതിക്കാരി കമ്മീഷന് മുന്നിൽ ഹാജരായില്ല. 60 രേഖകളടക്കം പരിശോധിച്ചാണ് കമ്മീഷൻ അന്വേഷണം പൂർത്തിയാക്കിയത്.അന്വഷണത്തിൽ കമ്മീഷന കണ്ടെത്തിയ കുറ്റങ്ങളും നിര്‍ദ്ദേശങ്ങളും അടങ്ങുന്നതായിരിക്കും രിപ്പോർട്ട്.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി കോടതിയെ സമീപിച്ചത് കമ്മീഷൻ പ്രവർത്തന പരിധിയിൽ വരുന്ന വിഷയമല്ലെന്നാണ് ജസ്റ്റിസ് പി.എസ് ആന്‍റണി വ്യക്തമാക്കുന്നത്. മാർച്ച് 26ന് സ്വകാര്യ ചാനൽ പുറത്തുവിട്ട വാർത്തയും അതിലെ പ്രശനങ്ങളും മാത്രമാണ് കമ്മീഷൻ അന്വേഷിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബർ വരെയാണ് കമ്മീഷന് സർക്കാർ അനുവദിച്ച സമയപരിധി.ഏതായയാലും സോലാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അലയോലികൾക്കിടയിലാണ് ഈ സർക്കാർ നിയോഗിച്ച  കമ്മീഷൻ റിപ്പോർട്ട് കൂടി സർക്കാറിന്‍റെ മുന്നിലേക്ക് വരുന്നത്.