ദില്ലി: ഹരിയാനയില്‍ 16 കാരനായ ജുനൈദിനെ ട്രെയിനില്‍ വെച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് നാല് പേരെ കൂടി അറസ്റ്റ് ചെയ്തു.ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഇതിനിടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും കൂട്ടായമകള്‍ നടന്നു. ഹരിയാനയിലെ വല്ലഭ്ഗഡില്‍ നിന്നാണ് നാല് പ്രതികളെ പൊലീസ് പിടികൂടിയത്. കേസില്‍ രമേശ് എന്നയാളെ സംഭവം നടന്നതിന് പിറ്റേന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. 

പെരുന്നാളിന്‍റെ ഷോപ്പിംഗ് കഴിഞ്ഞ് ദില്ലിയില്‍ നിന്ന് സഹോദരങ്ങളോടൊപ്പം മടങ്ങുകയായിരുന്ന ജുനൈദിനെ 20 പേരടങ്ങുന്ന സംഘം തല്ലിയും കുത്തിയും കൊലപ്പെടുത്തിയത്. ബീഫ് കഴിക്കുന്നവരെന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. തുടര്‍ന്ന് ജുനൈദിനെ ട്രെയിനില്‍നിന്ന് പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു.ജാതിയുടെയും മതത്തിന്‍റെയും പേരില്‍ തിരഞ്ഞെടു പിടിച്ചുള്ള ആക്രമണങ്ങള്‍ക്കെതിരെ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും വൈകിട്ട് പ്രതിഷേധ കൂട്ടായ്മകള്‍ അരങ്ങേറി.

ഇനിയൊരു ജുനൈദ് ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധ സമരം. ഇത് എന്‍റെ പേരിലല്ല എന്ന പ്ലക്കാര്‍ഡുയര്‍ത്തി സമൂഹത്തിന്‍റെ നാനാതുറകളിലുള്ളവര്‍ സമരത്തിന് പിന്തുണയുമായെത്തി. ഒരു സംഘടനയുടെയും പേരിലല്ലാതെ ,സമൂഹമാധ്യമങ്ങളിലൂടെ മാത്രം സന്ദേശം കൈമാറിയായിരുന്നു ഒത്തുചേരല്‍.ദില്ലിയല്‍ ജന്തര്‍ മന്ദിറായിരുന്നു വേദി. കൊച്ചി ,തിരുവനന്തുപരം,ചെന്നൈ ,ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില് നടന്ന കൂട്ടായമകളില്‍ നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു.