ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്കു സമരം ആദ്യദിനം ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചില്ല. അവശ്യ സര്‍വീസുകള്‍ ഒന്നും മുടങ്ങിയില്ല. ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു തുടങ്ങിയാല്‍ കര്‍ശന നടപടികളിലേക്ക് നീങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം.
ഒ.പികളില്‍ വലിയ തിരക്കുണ്ടായിരുന്നെങ്കിലും പരിശോധനകള്‍ക്ക് തടസ്സമുണ്ടായില്ല. എന്നാല്‍ മുറിവ് വെച്ചു കെട്ടുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് സഹായിക്കാന്‍ ജൂനിയര്‍ ഡോക്ടര്‍മാരില്ലാത്തതിനാല്‍ വളരെ ഗുരുതരാവസ്ഥയില്‍ അല്ലാത്ത രോഗികളെ മറ്റു ആശുപത്രികളിലേക്ക് തിരിച്ചയച്ചു. പി.ജി ഡോക്ടര്‍മാരില്ലെങ്കിലും കൂടുതല്‍ അധ്യാപകര്‍ ഒ.പിയില്‍ എത്തി. അവധിയില്‍ പോയവരുടെ അവധി റദ്ദാക്കി. ബദല്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാണെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഫലപ്രദമായ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ തീരുമാനം. ആദ്യഘട്ട സമരത്തില്‍ അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുള്ളതിനാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ കടുത്ത നടപടികളിലേക്ക് നീങ്ങില്ല.
