കോഴിക്കോട്: പിജി ഡോക്ടർമാരുടെ സമരത്തെ തുടർന്ന് ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി കല്യാണി ആണ് മരിച്ചത്. എന്നാൽ ചികിത്സയിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
പ്രമേഹം കൂടിയതിനെ തുടർന്ന് കാലുമുറിച്ചുമാറ്റുന്നതിനായി കഴിഞ്ഞ ദിവസമാണ് കല്യാണിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി ശസ്ത്രക്രിയ നടത്തി. തുടർന്നd വാർഡിലേക്ക് മാറ്റി. പുലർച്ചെ വേദന കൂടിയപ്പോൾ ഡോക്ടർമാരെ വിളിച്ചെങ്കിലും ആരും വന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി. നഴ്സുമാരോട് പരാതിപ്പെട്ടപ്പോൾ ഡോക്ടർമാർ സമരത്തിലാണെന്ന മറുപടിയാണ് ലഭിച്ചെതെന്നും മകൻ പറഞ്ഞു. എന്നാൽ കല്യാണിയുടെ നില ഗുരുതമായിരുന്നുവെന്നും ചികിത്സ നിഷേധിക്കപ്പെട്ടിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
പെൻഷൻ പ്രായം കൂട്ടിയതിനെതിരെ ജൂനിയർ ഡോക്ടർമാർ പ്രഖ്യാപിച്ച സമരം നേരിടാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കുന്പോഴും ആശുപത്രികളിൽ ദുരിതം തുടരുകയാണ്.
