ദില്ലി: ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ കാർട്ടൂണ്‍ ചാനലുകളിൽ കോളയുടെയും ജങ്ക് ഫുഡുകളുടെയും പരസ്യം കേന്ദ്രസർക്കാർ നിരോധിച്ചു. വിവര സാങ്കേതിക സഹമന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡ് പാർലമെന്റിലെ ചോദ്യോത്തരവേളയിലാണ് ഇക്കാര്യം അറിയിച്ചത്.
അനാരോഗ്യകരമായ ഭക്ഷണസാധനങ്ങൾ കഴിക്കുന്നതിൽനിന്ന് കുട്ടികളെ പിന്തിരിപ്പിക്കുന്നതിനുവേണ്ടിയാണ് ഈ തീരുമാനമെന്നും ഇത് സംബന്ധിച്ച് ഉടൻതന്നെ ടെലിവിഷൻ ചാനലുകൾക്ക് നോട്ടീസ് നൽകുമെന്നും റാത്തോഡ് പറഞ്ഞു. നിലവിൽ കാർട്ടൂണ്‍ ചാനലുകളുടെ വരുമാനത്തിന്‍റെ വലിയൊരു ഭാഗമാണ് ജങ്ക് ഫുഡുകളുടെയും കോളയുടെയും പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിലൂടെ ലഭിക്കുന്നത്.
കഴിഞ്ഞ വർഷം അവസാനം കുട്ടികൾക്ക് കാണാൻ യോജിച്ചതല്ലാത്തതിനാൽ ഗർഭനിരോധന ഉറയുടെ പരസ്യം രാവിലെ ആറിനും രാത്രി പത്തിനും ഇടയിൽ പ്രദർശിപ്പിക്കരുതെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു. ഇത്തരം പരസ്യങ്ങളിലെ ഉള്ളടക്കത്തെക്കുറിച്ച് മന്ത്രാലയത്തിന് നിരവധി പരാതികളും ലഭിച്ചിരുന്നു.
