ദില്ലി: സിബിഐ മുൻ ഡയറക്ടർ അലോക് വർമ്മ കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് സിവിസി അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ജസ്റ്റിസ് എകെ പട്നായിക്. വർമ്മയെ ധൃതി പിടിച്ച് മാറ്റിയത് ശരിയായില്ലെന്നും എകെ പട്നായിക് പറഞ്ഞു. ഇതിനിടെ അലോക് വർമ്മയ്ക്കെതിരായ കൂടുതൽ ആരോപണങ്ങളിൽ സിവിസി സിബിഐയോട് രേഖകൾ ആവശ്യപ്പെട്ടു 

അലോക് വർമ്മയ്ക്കെതിരായ പരാതികളിൽ സിവിസി അന്വേഷണത്തിന്‍റെ ചുമതല സുപ്രീംകോടതി നല്‍കിയത് മുൻ ജഡ്ജി ജസ്റ്റിസ് എകെ പട്നായിക്കിനായിരുന്നു. കേന്ദ്ര വിജിലൻസ് കമ്മീഷൻ റിപ്പോർ‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ജസ്റ്റിസ് എകെ സിക്രിയും അലോക് വർമ്മയെ മാറ്റണം എന്ന നിലപാട് ഉന്നത സമിതിയിൽ കൈക്കൊണ്ടത്. എന്നാൽ സിവിസി റിപ്പോർട്ടിലെ കണ്ടെത്തൽ തൻറേതല്ലെന്നാണ് ജസ്റ്റിസ് പട്നായിക് ഇപ്പോൾ തുറന്നടിച്ചിരിക്കുന്നത്. അലോക് വർമ്മ കൈക്കൂലി വാങ്ങിയതിന് തെളിവൊന്നും സിവിസിക്ക് കിട്ടിയില്ല. ഈ സാഹചര്യത്തിൽ അലോക് വർമ്മയെ മാറ്റുന്നതിൽ സമിതി ജാഗ്രത കാട്ടണമായിരുന്നു എന്നും ജസ്റ്റിസ് പട്നായിക്ക് പറഞ്ഞു. ജസ്റ്റിസ് പട്നായിക്കിന്‍റെ നിലപാട് ചൂണ്ടിക്കാട്ടി കോൺഗ്രസ് സർക്കാരിനെതിരെയുള്ള നിലപാട് കടുപ്പിക്കുകയാണ്.

നാല് കേസുകളിൽ തുടരന്വേഷണം നിർദ്ദേശിച്ച് സിവിസി രണ്ടു കേസുകളിൽ വർമ്മയ്ക്കെതിരെ തെളിവുണ്ടെന്നാണ് റിപ്പോർട്ടിൽ പറഞ്ഞത്. മാത്രമല്ല കൂടുതൽ കേസുകളിൽ വർമ്മയ്ക്കെതിരെ പിടിമുറുക്കാൻ സിവിസി തീരുമാനിച്ചതായാണ് സൂചന. നീരവ് മോദി കേസിലും വർമ്മയുടെ പങ്ക് അന്വേഷിക്കും എന്ന് ഒരു പത്രം റിപ്പോർട്ടു ചെയ്തു. തെളിവ് കിട്ടിയിട്ടില്ലെന്ന് ജസ്റ്റിസ് പട്നായിക്ക് തന്നെ പറയുമ്പോൾ സിവിസി റിപ്പോർട്ടും ചോദ്യം ചെയ്യപ്പെടുകയാണ്. വീണ്ടും സുപ്രീംകോടതിയെ സമീപിക്കാൻ ജസ്റ്റിസ് പട്നായിക്കിന്‍റെ പ്രസ്താവന അലോക് വർമ്മയ്ക്കു പ്രശാന്ത് ഭൂഷണും ആയുധമാകും.
 

 

കേന്ദ്ര സർവ്വീസിൽ നിന്ന് അലോക് വർമ്മ കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. സിബിഐയുടെ വിശ്വാസ്യത തകർക്കുന്ന നടപടികൾ ചെറുക്കാൻ ശ്രമിച്ചു എന്ന പ്രതികരണത്തോടെയാണ് അലോക് വർമ്മയുടെ രാജി.