കല്‍ക്കത്ത: കോടതിയലക്ഷ്യ കേസില്‍ ഒളിവിലായിരുന്ന ബംഗാള്‍ ഹൈക്കോടതി മുന്‍ ജഡ്‍ജി ജസ്റ്റിസ് സി.എസ് കർണന്‍ നാളെ ജയില്‍ മോചിതനാകും. കഴിഞ്ഞ ജൂൺ 20 നാണ് കോടതി അലക്ഷ്യ കേസിൽ കർണ്ണൻ അറസ്റ്റിലായത്. കൊൽക്കത്ത പ്രെസിഡൻസി ജയിലിലാണ് കർണൻ ഇപ്പോൾ ഉള്ളത്. സുപ്രീംകോടതി ആറുമാസം തടവുശിക്ഷ വിധിച്ച ജസ്റ്റിസ് കർണൻ ഒന്നരമാസം ഒളിവില്‍ കഴിഞ്ഞ ശേഷമാണ് പിടിയിലാകുന്നത്

2017 ജൂണ്‍ 12നാണ് കര്‍ണന്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചത്. ഒളിവിൽ കഴിയവെ വിരമിയ്ക്കുന്ന രാജ്യത്തെ ആദ്യ ജഡ്ജിയായിരുന്നു കർണൻ. സഹജഡ്ജിമാർക്കും സുപ്രീംകോടതിയ്ക്കുമെതിരെ ആരോപണമുന്നയിച്ചതിന് കഴിഞ്ഞ മാസം ഒൻപതാം തീയതിയാണ് കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കർണനെ സുപ്രീംകോടതി ആറുമാസത്തെ തടവുശിക്ഷയ്ക്ക് വിധിക്കുന്നത്. പല തവണ കർണന്‍റെ അഭിഭാഷകൻ ശിക്ഷയിൽ ഇളവ് തേടിയെങ്കിലും സുപ്രീംകോടതി അപേക്ഷകൾ നിരസിക്കുകയായിരുന്നു.

ഇന്ത്യൻ നീതിന്യായസംവിധാനത്തിൽ ന്യായാധിപനെന്ന പദവിയിലിരിയ്ക്കെ അറസ്റ്റ് നേരിടുന്ന ആദ്യത്തെയാളാണ് ജസ്റ്റിസ് കർണൻ. മാനസികനില ശരിയല്ലെന്ന് പറഞ്ഞ് സുപ്രീംകോടതി മനോരോഗവിദഗ്ധനെക്കൊണ്ട് പരിശോധിപ്പിയ്ക്കാനുത്തരവിട്ട ആദ്യ ജഡ്ജി. താൻ ന്യായാധിപനായ മദ്രാസ് ഹൈക്കോടതിയുടെ മറ്റൊരു ഡിവിഷൻ ബെഞ്ചിലേയ്ക്ക് അതിക്രമിച്ചുകയറി, സഹജഡ്ജിമാരുടെ സ്ഥാനക്കയറ്റം തടയണമെന്ന കേസിൽ കക്ഷി ചേരണമെന്നാവശ്യപ്പെട്ട ആദ്യത്തെയാൾ, എസ്‍ സി എസ് ടി കമ്മീഷന് മുമ്പാകെ സഹജഡ്ജിമാരുടെ പീഡനത്തെക്കുറിച്ച് പരാതി നൽകിയ ആദ്യ ന്യായാധിപൻ തുടങ്ങി വിചിത്രമായ നടപടികളിലൂടെ ഇന്ത്യൻ നീതിന്യായചരിത്രത്തിൽത്തന്നെ പല റെക്കോഡുകളുണ്ട് ജസ്റ്റിസ് കർണന്‍റെ പേരിൽ.