തിരുവനന്തപുരം: ജസ്റ്റിസ് ഫോര്‍ രുദ്ര കൂട്ടായ്മയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍ പ്രതിഷേധ സംഗമം നടത്തി. രുദ്രയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയില്‍ നിന്ന് കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തിയ അരുണ്‍ എന്ന യുവാവ് അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. രാവിലെ പതിനൊന്ന് മണിയോടെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അന്‍പതോളം പേര്‍ പങ്കെടുത്തു. 

സംഭവത്തില്‍ കുറ്റാരോപിതരായ ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്ത് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും രുദ്രയുടെ ആന്തരികാവയവങ്ങളുടെ രാസ പരിശോധനാ ഫലത്തിന്റെ പകര്‍പ്പ് ഉടന്‍ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും അത് വൈകിപ്പിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും പ്രതിഷേധ കൂട്ടായ്മയ്ക്ക് എത്തിയവര്‍ പറഞ്ഞു. രുദ്രയുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയേറ്റ് പടിക്കല്‍ നീതിക്കായി സമരം പുനരാരംഭിച്ച ശ്രീജിത്തും സമരപ്പന്തലില്‍ എത്തി.