യുവതീ പ്രവേശനത്തെ നിങ്ങള്‍ നേരത്തെ എതിര്‍ത്തിരുന്നുവല്ലോയെന്ന് ദേവസ്വം ബോര്‍ഡ് അഭിഭാഷകനോട് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര. ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് വിധി എഴുതിയ ആളാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര. 

ദില്ലി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിനെ സ്വാഗതം ചെയ്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നവരുടെ വാദം അവസാനിച്ച ശേഷമാണ് ദേവസ്വം ബോര്‍ഡ് അഭിഭാഷകനായ രാകേഷ് ദ്വിവേദി യുവതികളെ ശബരിമലയില്‍ കയറ്റുന്നതിനെ അനുകൂലിച്ച് കൊണ്ട് വാദിച്ചത്. 

യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ ഇനി മാറ്റം വരുത്തേണ്ട കാര്യമില്ലെന്ന് രാകേഷ് ദ്വിവേദി പറഞ്ഞു. എന്നാല്‍ ദേവസ്വം ബോര്‍ഡിന്‍റെ നിലപാട് മാറ്റത്തെ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചോദ്യം ചെയ്തു. യുവതീ പ്രവേശനത്തെ നിങ്ങള്‍ നേരത്തെ എതിര്‍ത്തിരുന്നുവല്ലോയെന്ന് അവര്‍ ചോദിച്ചു. 

എന്നാല്‍ സുപ്രീംകോടതിയുടെ വിധി നമ്മുടെ മുന്‍പിലുണ്ടെന്നും അത് നാം പിന്തുടരണമെന്നും രാകേഷ് ദ്വിവേദി പറഞ്ഞു. രണ്ട് കാഴ്ച്ചപ്പാടുകള്‍ ഉണ്ടെന്ന് പറഞ്ഞ് പുനപരിശോധന നടത്തേണ്ട കാര്യമില്ലെന്നും ഒരു വ്യക്തിക്ക് ആരാധനാസ്വാതന്ത്ര്യം നിഷേധിക്കാനാവില്ലെന്നും അദ്ദേഹം വാദിച്ചു. 

നേരത്തെ ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് അടക്കം നാല് പേര്‍ യുവതീപ്രവേശനത്തെ അനുകൂലിച്ച് വിധിയെഴുതിയപ്പോള്‍ അതിനെ എതിര്‍ത്തു വിധി പറഞ്ഞ ഒരേ ഒരാള്‍ ബെഞ്ചിലെ വനിതാ ജഡ്ജിയായ ഇന്ദു മല്‍ഹോത്രയാണ്. 

രാകേഷ് ദ്വിവേദിയുടെ വാദം അവസാനിച്ച ശേഷം ബിന്ദുവിനും കനകദുര്‍ഗ്ഗയ്ക്കും ഹാപ്പി ടുബ്ലീഡ് സംഘടനയ്ക്കും വേണ്ടി ഇന്ദിരാ ജെയ്സിംഗ് സുപ്രീംകോടതി മുന്‍പാകെ വാദം ആരംഭിച്ചു. ഇരുഭാഗത്തിന്‍റേയും വാദം കേട്ട കോടതി ഇന്നത്തെ നടപടികള്‍ അവസാനിപ്പിച്ചു. 65 ഓളം പുനപരിശോധനാ ഹര്‍ജികളാണ് സുപ്രീകോടതിക്ക് മുന്‍പില്‍ എത്തിയത്. കോടതിക്ക് മുന്‍പില്‍ വാദിക്കാന്‍ അവസരം കിട്ടാതിരുന്ന അഭിഭാഷകരോട് അവരുടെ വാദങ്ങള്‍ എഴുതി നല്‍കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുകൂടി പരിശോധിച്ച ശേഷമായിരിക്കും ശബരിമല കേസില്‍ അന്തിമവിധി വരിക.