ദില്ലി: കോടതിയലക്ഷ്യ നോട്ടീസ് നല്‍കിയ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സിഎസ് കര്‍ണ്ണന് വിശദീകരണം നല്‍കാന്‍ മൂന്നാഴ്ച്ചത്തെ സമയം സുപ്രീം കോടതി നീട്ടിനല്‍കി.നോട്ടീസില്‍ വിശദീകരണം നല്‍കാന്‍ ജസ്റ്റിസ് കര്ണ്ണന് ഇന്ന് കോടതിയില്‍ ഹാജരാകാത്തതിനാലാണ് സമയം നീട്ടി നല്‍കിയത്. സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലേയും സിറ്റിംഗ് ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചിച്ചതിനാണ് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണ്ണനോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ചീഫ്ജസ്റ്റിസ് ജെഎസ് കെഹാര്‍ അധ്യക്ഷനായ ഏഴംഗ ബെഞ്ച് ഉത്തരവിട്ടത്.
ജസ്റ്റിസ് കര്‍ണ്ണനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി എഴംഗ ബെഞ്ച് മുമ്പാകെ വാദിച്ചു. മദ്രാസ് ഹൈക്കോടതിക്ക് വേണ്ടി ഹാജരായ അഡ്വ.കെ കെ വേണുഗോപാല്‍ ജസ്റ്റിസ് കര്‍ണ്ണന്റെ ആരോപണങ്ങളില്‍ നിന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജിമാര്‍ക്ക് രക്ഷവേണമെന്ന് കോടതിയെ അറിയിച്ചു. ജഡ്‍ജിമാര്‍ക്കെതിരെ ബലാത്സംഗാരോപണം വരെ ജസ്റ്റിസ് കര്‍ണ്ണന്‍ നടത്തിയിട്ടുണ്ടെന്നും കെ കെ വേണുഗോപാല്‍ പറഞ്ഞു. എന്നാല്‍ ജസ്റ്റിസ് കര്ണ്ണന് ഇന്ന് എന്തുകൊണ്ട് ഹാജരാനായില്ലെന്ന് അറിയില്ലെന്നും ഇത് ബോധ്യപ്പെടുത്താന്‍ അദേഹം ആരേയും ചുമതലപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ അദേഹത്തിന് മൂന്നാഴ്ച്ചത്തെ സമയം അനുവദിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
അടുത്ത മാസം 10 ന് കേസ് വീണ്ടും പരിഗണിക്കും. വാദം നടക്കുന്നതിനിടെ കേസില്‍ അഭിപ്രായം പറയാന്‍ ശ്രമിച്ച രണ്ട് മലയാളി അഭിഭാഷകര്‍ക്ക് കോടതി മുന്നറിയിപ്പ് നല്‍കി.ജ.കര്‍ണ്ണന്റെ സമ്മതമില്ലാതെ കേസില്‍ ഇടപെട്ടാല്‍ നടപടിയുണ്ടാകുമെന്ന് കോടതി പറഞ്ഞു.ദളിതനായതിനാല്‍ തനിക്കെതിരെ മുതിര്‍ന്ന ജഡ്ജിമാര്‍ വിവേചനപരായി നടപടിയെടുക്കുകയാണെന്നാരോപിച്ച് ജസ്റ്റിസ് സി എസ് കര്‍ണന്‍ പ്രധാനമന്ത്രി,സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ദേശീയ പട്ടികജാതി കമ്മീഷന്‍ എന്നിവര്‍ക്ക് കത്തയക്കുകയും ചെയ്തിരുന്നു.
