ചെന്നൈ: കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതി ആറുമാസം തടവുശിക്ഷ വിധിച്ച ജസ്റ്റിസ് കര്‍ണന്‍ ഇന്ന് വിരമിയ്ക്കും. ഒളിവില്‍ കഴിയവെ വിരമിയ്ക്കുന്ന രാജ്യത്തെ ആദ്യ ജഡ്ജിയാകും ജസ്റ്റിസ് കര്‍ണന്‍. അറസ്റ്റ് ചെയ്യാനുത്തരവിട്ട് ഒരു മാസം കഴിഞ്ഞിട്ടും ജസ്റ്റിസ് കര്‍ണന്‍ ഇതുവരെ എവിടെയാണെന്ന് കണ്ടെത്താന്‍ പൊലീസിനായിട്ടില്ല.

ഇന്ത്യന്‍ നീതിന്യായ സംവിധാനത്തില്‍ ന്യായാധിപനെന്ന പദവിയിലിരിക്കെ അറസ്റ്റ് നേരിടുന്ന ആദ്യത്തെയാളാണ് ജസ്റ്റിസ് കര്‍ണന്‍. മാനസികനില ശരിയല്ലെന്ന് പറഞ്ഞ് സുപ്രീംകോടതി മനോരോഗവിദഗ്ധനെക്കൊണ്ട് പരിശോധിപ്പിയ്ക്കാനുത്തരവിട്ട ആദ്യ ജഡ്ജി. താന്‍ ന്യായാധിപനായ മദ്രാസ് ഹൈക്കോടതിയുടെ മറ്റൊരു ഡിവിഷന്‍ ബെഞ്ചിലേയ്ക്ക് അതിക്രമിച്ചുകയറി, സഹജഡ്ജിമാരുടെ സ്ഥാനക്കയറ്റം തടയണമെന്ന കേസില്‍ കക്ഷി ചേരണമെന്നാവശ്യപ്പെട്ട ആദ്യത്തെയാള്‍, എസ്‌സിഎസ്ടി കമ്മീഷന് മുമ്പാകെ സഹജഡ്ജിമാരുടെ പീഡനത്തെക്കുറിച്ച് പരാതി നല്‍കിയ ആദ്യ ന്യായാധിപന്‍. 

വിചിത്രമായ നടപടികളിലൂടെ ഇന്ത്യന്‍ നീതിന്യായചരിത്രത്തില്‍ത്തന്നെ പല റെക്കോഡുകളുണ്ട് ജസ്റ്റിസ് കര്‍ണന്റെ പേരില്‍. ഒരു ഹൈക്കോടതി ജഡ്ജിയുടെ വിരമിയ്ക്കല്‍ച്ചടങ്ങ് ഗംഭീരമായാണ് നടത്താറ്. എല്ലാ ന്യായാധിപരും അഭിഭാഷകരും ചടങ്ങിനെത്തുകയും ജഡ്ജിയുടെ വിടവാങ്ങല്‍ പ്രസംഗം റെക്കോഡ് ചെയ്ത് കോടതിയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തുകയും ചെയ്യും. ഒളിവിലായതിനാല്‍ ഇത്തരമൊരു അവസരം ജസ്റ്റിസ് കര്‍ണനുണ്ടാകില്ല. 

സഹജഡ്ജിമാര്‍ക്കും സുപ്രീംകോടതിയ്ക്കുമെതിരെ ആരോപണമുന്നയിച്ചതിന് കഴിഞ്ഞ മാസം ഒന്‍പതാം തീയതിയാണ് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് കര്‍ണനെ സുപ്രീംകോടതി ആറുമാസത്തെ തടവുശിക്ഷയ്ക്ക് വിധിയ്ക്കുന്നത്. പല തവണ കര്‍ണന്റെ അഭിഭാഷകന്‍ ശിക്ഷയില്‍ ഇളവ് തേടിയെങ്കിലും സുപ്രീംകോടതി അപേക്ഷകള്‍ നിരസിയ്ക്കുകയായിരുന്നു. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും ജസ്റ്റിസ് കര്‍ണനെവിടെയാണെന്ന് കണ്ടെത്താന്‍ പശ്ചിമബംഗാള്‍ പൊലീസിനായിട്ടില്ല.