രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്ന തമിഴ് സൂപ്പര്‍ താരം രജനീകാന്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. അമിതാബ് ബച്ചനെപ്പോലെ രജനീകാന്തിന്റെയും തലയ്ക്കകത്ത് ഒന്നുമില്ലെന്ന് കട്ജു പരിഹസിച്ചു. രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുക്കുന്ന രജനീകാന്തിന്റെ കയ്യില്‍ ദാരിദ്ര്യം, തൊഴിലില്ലായ്മ, പോഷകാഹാരക്കുറവ്, കാര്‍ഷിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്ക് പരിഹാരമുണ്ടോയെന്ന് കട്ജു ചോദിച്ചു.
ദക്ഷിണേന്ത്യക്കാര്‍ക്ക് സിനിമാ താരങ്ങളോടുള്ള അമിതമായ ആരാധനയെയും അദ്ദേഹം ചോദ്യം ചെയ്യുന്നുണ്ട്. ദക്ഷിണേന്ത്യക്കാരോട് തികഞ്ഞ ആദരവാണുള്ളത്. എന്നാല്‍ അവര്‍ സിനിമാക്കാരെ ബിംബവല്‍ക്കരിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല കട്ജു പറഞ്ഞു. അറുപതുകളില്‍ ഒരു തമിഴ് സുഹൃത്തിനൊപ്പം ശിവാജി ഗണേശന്റെ സിനിമ കാണാന്‍ പോയി. അദ്ദേഹത്തിന്റെ കാല്‍പ്പാദം സ്‌ക്രീനില്‍ കാണിച്ചപ്പോള്‍ തന്നെ ആളുകള്‍ ഹിസ്റ്റീരിയ ബാധിച്ചത് പോലെയാണ് പ്രതികരിച്ചതെന്നും കട്ജു കൂട്ടിച്ചേര്‍ത്തു.
