ദില്ലി: ജഡ്ജി ബി.എച്ച്.ലോയയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള കേസില്‍ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വാദം കേള്‍ക്കല്‍ തുടരും. ലോയയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യാപകമായ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകരായ ദുഷ്യന്ത് ദവേയും വി.ഗിരിയും വാദിച്ചിരുന്നു. 

ലോയയുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ജഡ്ജി ലോയയുടെ മരണത്തിന് ശേഷം വന്ന സിബിഐ കോടതി ജഡ്ജി, സൊറാബുദ്ദീന്‍ ഷേക് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതിയായിരുന്ന അമിത്ഷായെ കുറ്റവിമുക്തനാക്കിയാണ് ഉത്തരവ് ഇറക്കിയത്. സ്വതന്ത്ര അന്വേഷണത്തിലൂടെ മാത്രമെ കേസിലെ യഥാര്‍ത്ഥ വസ്തുത പുറത്തുവരികയുള്ളുവെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നത്. നിരവധി ബാര്‍ അസോസിയേഷനുകളും, മുന്‍ നാവിക സേനാ മേധാവിയും അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിട്ടുണ്ട്.