ദില്ലി: വിവാദങ്ങൾക്കിടെ ജസ്റ്റിസ് ലോയയുടെ ദുരൂഹമരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. ലോയയുടെ മരണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ വീണ്ടും രംഗത്തെത്തി. കോടതി നിരീക്ഷണത്തിൽ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു. 

ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രതിയായിരുന്ന സൊറാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ട ജസ്റ്റീസ് ബി.എച്ച്. ലോയയുടെ മരണത്തിൽ അന്വേഷണം വേണമെന്നാണ് അദ്ദേഹത്തിന്‍റെ അമ്മാവൻ ശ്രീനിവാസ് ലോയ ആവശ്യപ്പെട്ടത്. മരണത്തിൽ ദുരൂഹതയില്ലെന്ന ലോയയുടെ മകന്‍ അനൂജ് ലോയ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അത് സമ്മർദ്ദം മൂലമാകാനെന്നാണ് ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ശ്രീനിവാസ് പറയുന്നു. 

ലോയയുടെ മരണത്തിൽ അന്വേഷണം വേണമെന്ന് നേരത്തെ അച്ഛൻ ഹർകിഷനും സഹോദരി അനുരാധ ബിയാനിയും ആവശ്യപ്പെട്ടിരുന്നു. കോടതി നിരീക്ഷണത്തിനുള്ള അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. ജസ്റ്റീസ് ലോയയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പട്ടുള്ള ഹർജി ജൂനിയറായ ജസ്റ്റീസ് അരുൺ മിശ്രയുടെ ബഞ്ചിലേക്ക് വിട്ടതാണ് സുപ്രീംകോടതിയിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. നാളെ വീണ്ടും അരുൺ മിശ്രയുടെ ബഞ്ച് തന്നെയാണ് കേസ് പരിഗണിക്കുന്നത്. കേസ് നേരത്തെ പരിഗണിച്ച കോടതി മഹാരാഷ്ട്ര സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു.