നിയമം നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥ‌ര്‍ പല ബാഹ്യശക്തികള്‍ക്കും പ്രേരണകള്‍ക്കും അടിമകളാണെന്ന് ഹൈക്കോടതി ജസ്റ്റിസ് പി ഉബൈദ്. നിയമം നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ആര്‍ജ്ജവമില്ലാത്തതാണ് ജിഷ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും ജസ്റ്റിസ് പി ഉബൈദ് പറഞ്ഞു. ജിഷ കൊലപാതകക്കേസിനെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയാണ് ഹൈക്കോടതി ജസ്റ്റിസ് പി.ഉബൈദ് ഭരണകൂടത്തേയും ഉദ്യോഗസ്ഥരെയും നിശിതമായി വിമര്‍ശിച്ചത്.

നീതിസങ്കല്‍പ്പം മാറണം.സമൂഹത്തിന്‍റെ സ്‌പന്ദനം അറിയാത്ത പഴയ നിയമമാണ് ഇവിടെയുളളത്.നിയമസംവിധാനങ്ങള്‍ മാറ്റാന്‍ നിയമം ജനാധിപത്യവല്‍ക്കരിക്കണമെന്നും ജസ്റ്റിസ് പി ഉബൈദ് പറഞ്ഞു. അഭിഭാഷകനായ എം എസ് സജിയുടെ, മാറിയ സമൂഹം മാറാത്ത നിയമം എന്ന പുസ്തകം കോഴിക്കോട് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് പി.ഉബൈദ്.