ദില്ലി: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ എണ്ണം യുദ്ധകാലാടിസ്ഥാനത്തിൽ കുറക്കണമെന്ന് ജസ്റ്റിസ് സിരിജഗൻ കമ്മീഷൻ റിപ്പോർട്ട്. തെരുവു നായ്ക്കളെ നിയന്ത്രിച്ചില്ലെങ്കിൽ നായ്ക്കളെ കൊല്ലാൻ ജനം നിയമം കയ്യിലെടുക്കുമെന്നും ജസ്റ്റിസ് സിരിജഗൻ കമ്മീഷൻ സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിലെ തെരുവു നായ ശല്യത്തെക്കുറിച്ച് പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗൻ കമ്മീഷനാണ് സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ എണ്ണം യുദ്ധകാലാടിസ്ഥാനത്തിൽ കുറക്കണമെന്ന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. വന്ധ്യംകരണം കൊണ്ട് മാത്രം നായ്ക്കളുടെ എണ്ണം കുറക്കാൻ പറ്റില്ല. വന്ധ്യംകരണം കൊണ്ട് നായ്ക്കളുടെ എണ്ണം കുറക്കാൻ ചുരുങ്ങിയത് നാല് വർഷമെങ്കിലുമെടുക്കുമെന്നും കമ്മീഷന റിപ്പോർട്ടിൽ പറയുന്നു.
സമീപകാല സർവ്വേ പ്രകാരം 85 ശതമാനം പേരും നായ്ക്കളെ ഉടന കൊല്ലണമെന്ന അഭിപ്രായക്കാരാണ്, ആക്രമണം വാദിച്ചതോടെ ജനങ്ങൾ തന്നെ പരസ്യമായി തെരുവുനായ്ക്കളെ കൊല്ലുന്ന സ്ഥിതിയുണ്ടായി. തെരുവുനായ ശല്യം സർക്കാരിന്റെ സാമ്പത്തിക നിലിയിൽ വൻ ക്ഷതമേൽപ്പിച്ചെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്. പേ വിഷബാധക്കുള്ള മരുന്ന് സർക്കാർ അവശ്യമരുന്നുകളുടെ പട്ടികയിൽ പുനസ്ഥാപിക്കണമെന്നും കമ്മീഷൻ നിർദ്ദേശിക്കുന്നു. കമ്മീഷന് അടിസ്ഥാന സൗകര്യം നൽകാതെ സംസ്ഥാന സർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സിരിജഗൻ കമ്മീഷൻ റിപ്പോർട്ടിൽ വിമർശനം ഉന്നയിക്കുന്നുണ്ട്.പൂജാ അവധിക്ക് ശേഷം സുപ്രീം കോടതി റിപ്പോർട്ട് പരിഗണിക്കും.
