തിരുവനന്തപുരം: സഹോദരന്റെ ദുരൂഹമരണത്തെക്കുറിച്ച് സിബിഐ അന്വേഷണം തുടങ്ങുംവരെ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുമെന്ന് ശ്രീജിത്ത്. ആരോപണ വിധേയരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുന്നതിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്തിന്റെ അഭിഭാഷകന്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും.

ശ്രീജിവിന്റെ ദുരൂഹമരണത്തെക്കുറിച്ച് സിബിഐ അന്വേഷണം തീരുമാനമായെങ്കിലും നടപടിക്രമങ്ങള്‍ തുടങ്ങുംവരെ സമരം തുടരാനാണ് ശ്രീജിത്തിന്റെ തീരുമാനം. ഇതിനിടെ മുഖ്യമന്ത്രി ശ്രീജിത്തിനെ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും നിലപാടില്‍ നിന്ന് പുറകോട്ടില്ല. കൂടുതല്‍ പേര്‍ ശ്രീജിത്തിന് ഐക്യദാര്‍ഡ്യവുമായി സെക്രട്ടേറിയേറ്റിന് മുന്നിലെത്തി. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് വാമൂടിക്കെട്ടിയും മെഴുകുതിരി തെളിച്ചും യുവത പ്രതിഷേധമറിയിച്ചു.

ശ്രീജിവിന്റെ മരണത്തെക്കുറിച്ച് സ്വതന്ത്ര ഏജന്‍സി അന്വേഷണം എന്നതിനൊപ്പം, ആരോപണ വിധേയരായ പൊലീസുകാര്‍
പോലീസ് കംപ്ലയിന്റ് അഥോറിറ്റി നിര്‍ദേശിച്ച നടപടികള്‍ക്കെതിരെ സമ്പാദിച്ച സ്റ്റേ നീക്കണമെന്നും ശ്രീജിത്ത് ആവശ്യപ്പെടുന്നു. അഭിഭാഷകന്‍ മുഖേന ശ്രീജിത്ത് ഇന്ന് ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കും