ഖത്തറിൽ സ്വർണവും ആഭരണങ്ങളും വിൽപ്പന നടത്തുമ്പോൾ പാലിക്കേണ്ട പുതിയ മാർഗ നിർദ്ദേശങ്ങൾ വാണിജ്യ -വ്യാപാര മന്ത്രാലയം പുറപ്പെടുവിച്ചു. നിര്‍ദ്ദേശം നടപ്പിലാക്കാൻ ജ്വല്ലറികൾക്ക് മൂന്നു മാസത്തെ സമയം അനുവദിച്ചു.

ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുക, വിപണിയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.

ഇതനുസരിച്ച് സ്വർണ്ണമോ മറ്റാഭരണങ്ങളോ വിൽപ്പന നടത്തുന്നവർ ഓരോ ഇനത്തിന്റെയും പൂർണ്ണമായ വിവരങ്ങൾ ഉപഭോക്താവിന് കാണാൻ കഴിയുന്ന വിധത്തിൽ ഇലക്ട്രോണിക്‌ സ്‌ക്രീനിൽ പ്രദർശിപ്പിച്ചിരിക്കണം.

ആഭരണത്തിന്റെ ശരിയായ തൂക്കം, ഗുണമേന്മ, ശുദ്ധതയുടെ അളവ്, മൂല്യം, നിര്‍മ്മാണ ചെലവ് എന്നിങ്ങനെ മുഴുവൻ വിവരങ്ങളും ഇതോടൊപ്പം വിശദമാക്കിയിരിക്കണമെന്നാണ് നിർദേശം. കൂടാതെ കടയുടെ പേരും, തീയതിയും, അളവും,ട്രേഡ് മാർക് സംബന്ധിച്ച വിവരങ്ങളും ഇതോടൊപ്പം ഉണ്ടായിരിക്കണം. വാങ്ങിയ ഉൽപന്നങ്ങളുടെ അടിസ്ഥാനത്തിൽ ഈ വിവരങ്ങളെല്ലാം രശീതിയിൽ ഉൾപെടുത്തിയിരിക്കണമെന്നും നിർദേശമുണ്ട്. വാറണ്ടിയെ സംബന്ധിച്ച നിബന്ധനകൾ കൃത്യമായി വിശദീകരിക്കുന്ന വാറന്റി കാർഡ് നിർബന്ധമായും ഉപഭോക്താക്കൾക്ക് നൽകിയിരിക്കണം.

 നിർദേശങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച പുരോഗതി സാമ്പത്തിക വാണിജ്യ മന്ത്രാലയം അധികൃതരെ അറിയിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.