തിരുവനന്തപുരം: സരിതാ നായരുടെ പരാതിയില്‍ ലൈംഗിക പീഡനക്കേസ് എടുത്തതിനെ നിയമപരമായി നേരിടുമെന്ന് കെ സി വേണുഗോപാല്‍. നിലവില്‍ സംസ്ഥാനത്ത് നടക്കുന്ന വിവാദങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ച് വിടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും വേണുഗോപാല്‍ പ്രതികരിച്ചു. 

സരിത എസ് നായരുടെ പരാതിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെയും കെ സി വേണുഗോപാലിനെതിരെയും കഴിഞ്ഞ ദിവസമാണ് കേസ് എടുത്തത്. പ്രകൃതി വിരുദ്ധ പീഢനമടക്കമാണ് ഉമ്മന്‍ചാണ്ടിക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തിരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ കെസി വേണുഗോപാലിനെതിരെ ബലാത്സംഗ കേസാണ് എടുത്തിരിക്കുന്നത്.

ഉമ്മൻചാണ്ടിയും കെ.സി.വേണുഗോപാലും തന്നെ ലൈംഗികമായി പീഡിപ്പിച്ചത് ഔദ്യോഗികവസതിയിൽ വച്ചാണെന്നും സരിതയുടെ പരാതിയിലുണ്ട്. ക്ലിഫ് ഹൗസിലേയ്ക്ക് തന്നെ വിളിച്ചുവരുത്തിയ ശേഷം പ്രകൃതിവിരുദ്ധപീഡനത്തിന് വിധേയയാക്കുകയായിരുന്നെന്നാണ് സരിത പൊലീസിന് നൽകിയിരിക്കുന്ന മൊഴി. മുൻമന്ത്രി എ.പി.അനിൽകുമാറിന്‍റെ വസതിയായ റോസ് ഹൗസിൽ വച്ചാണ് ബലാത്സംഗം ചെയ്തത്. ആലപ്പുഴയിൽ വച്ച് കെ.സി.വേണുഗോപാൽ തന്നെ കടന്നുപിടിയ്ക്കാൻ ശ്രമിച്ചെന്നും സരിത മൊഴി നൽകിയതായി  എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 

ഔദ്യോഗികവസതികളിൽ വച്ചാണ് പീഡനങ്ങളെല്ലാം നടന്നിരിക്കുന്നത് എന്നത് പരാതിയുടെ ഗൗരവസ്വഭാവം കൂട്ടുന്നുണ്ട്. നിലവിൽ മുഖ്യമന്ത്രി പിണറായി വിജയൻ താമസിയ്ക്കുന്ന ക്ലിഫ് ഹൗസിലടക്കം പൊലീസിന് തെളിവെടുപ്പ് നടത്തേണ്ടി വരും. യുഡിഎഫ് മന്ത്രിസഭയിലുണ്ടായിരുന്ന മറ്റ് മന്ത്രിമാർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പുതിയ കേസുകൾ വന്നേയ്ക്കുമെന്നും സൂചനയുണ്ട്.