ബറോഡ: പ്രശസ്ത ചിത്രകാരന്‍ കെ.ജി. സുബ്രഹ്മണ്യന്‍(92) അന്തരിച്ചു. ആധുനിക ഇന്ത്യന്‍ ചിത്രകലയെ ഇന്നു കാണുന്ന രീതിയിലേക്കു വളര്‍ത്തിയതില്‍ വലിയ പങ്കുവഹിച്ച ചിത്രകാരനാണു കെജിഎസ്.

ആധുനിക ഇന്ത്യന്‍ ചിത്രകലയിലെ അതികായനാണു കെ.ജി. സുബ്രഹ്മണ്യന്‍. ചെറുപ്പത്തില്‍ സ്വാതന്ത്ര്യ സമരത്തില്‍ ആകൃഷ്ടനായ കെജിഎസ് ജയില്‍വാസത്തിനു ശേഷം കൊല്‍ക്കത്ത ശാന്തിനികേതനിലെ കലാഭവനില്‍ ചിത്രകല അഭ്യസിക്കാന്‍ എത്തുകയായിരുന്നു. പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം തനതായ കലാശൈലിയിലൂടെ ആധുനിക ഇന്ത്യന്‍ ചിത്രകാരന്മാരുടെ മുന്‍നിരയില്‍ സ്ഥാനംപിടിച്ചു.

1951ല്‍ ബറോഡയില്‍ കലാധ്യാപകനായി ചേര്‍ന്ന കെജിഎസ്, കലാചരിത്ര പഠനത്തിലും തന്റേതായ പാത വെട്ടിത്തുറന്നു. ഇന്ത്യന്‍ ചിത്ര-ശില്‍പ്പ കലയെ അപഗ്രഥിക്കുന്ന നിരവധി കൃതികള്‍ അദ്ദേഹം രചിച്ചു.

ബറോഡയ്ക്കു ശേഷം താന്‍ പഠിച്ച ശാന്തിനികേതനിലെ കലാഭവനില്‍ ദീര്‍ഘകാലം പ്രൊഫസറായി സേവനമനുഷ്ഠിച്ചു. ബഹുമുഖ പ്രതിഭയായിരുന്ന കെജിഎസ്, ചിത്രകലയിലും കലാധ്യാപനത്തിലും മാത്രമല്ല ശില്‍പ്പ നിര്‍മാണത്തിലും ചിത്രീകരണത്തിലും മികച്ച സംഭാവനകള്‍ നല്‍കി.

മയ്യഴിയില്‍ ജനിച്ച് ബറോഡയിലും കൊല്‍ക്കത്തയിലും കലാപ്രവര്‍ത്തനം നടത്തിയ കെജിഎസിനെ രാജാ രവിവര്‍മ പുരസ്കാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചു. കാളിദാസ് സമ്മാന്‍, പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ തുടങ്ങിയ ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി.