തിരുവനന്തപുരം: കെ എം മാണിയെ മുഖ്യമന്ത്രിയാക്കാൻ എൽഡിഎഫ് ക്ഷണിച്ചുവെന്ന് സ്ഥിരീകരിച്ച് കേരളകോൺഗ്രസ് എം മുഖമാസിക. മുഖ്യമന്ത്രി പദം ഏറ്റെടുക്കാതെ ഐക്യമുന്നണിയെ ശക്തിപ്പെടുത്തിയതിനുള്ള പ്രതിഫലമാണ് ബാർകോഴക്കേസെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. മുഖമാസികയിലെ വാർത്ത കെ എം മാണി നിഷേധിച്ചില്ല
നിയമസഭാതെരഞ്ഞെടുപ്പിന് മുൻപ് കെ എം മാണിയെ ഇടതുമുന്നണി മുഖ്യമന്ത്രിയാക്കാൻ ശ്രമിച്ചിരുന്നുവെന്ന് മന്ത്രി ജി സുധാകരൻ ഇടുക്കിയിൽ നടത്തിയ പ്രസംഗമാണ് പുതിയ രാഷ്ട്രീയചർച്ചകൾക്ക് തുടക്കം കുറിച്ചത്. ഈ പ്രസ്താവന ദുരുദ്ദേശപരമല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മാണിയെ മുഖ്യമന്ത്രിയാക്കാൻ ശ്രമിച്ചിരുന്നുവെന്ന് പ്രതിഛായ സ്ഥിരീകരിക്കുന്നത്. ശക്തമായ പ്രലോഭനമുണ്ടായെങ്കിലും യുഡിഎഫ് തകർക്കാൻ മാണി തയ്യാറായില്ല. അതാണോ അദ്ദേഹം ചെയ്ത തെറ്റെന്ന് ചോദിക്കുന്ന മുഖപ്രസംഗം കോൺഗ്രസ് നേതാക്കൾക്കെതിരെ അതിരൂക്ഷവിമർശനാണ് ഉന്നയിക്കുന്നത്.
എതെങ്കിലുമൊരു രാഷ്ട്രീയനേതാവ് ഇത്തരമൊരു ത്യാഗം ചെയ്തിട്ടുണ്ടോ എന്ന ചോദ്യം യുഡിഎഫിനെതിരെ നിലപാട് കുടുതൽ കർക്കശമാക്കുന്നതിന്റെ സൂചനയായി. മാണിയെ വീഴ്ത്താൻ ശ്രമിച്ച ചില കോൺഗ്രസ് നേതാക്കൾ മാണിക്ക് മുന്നിൽ അഭിനയിച്ചുവെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. ബിജു രമേശിനെ ശിഖണ്ഡിയാക്കി കോഴക്കേസിൽ കുടുക്കി ഇതോടെ കോൺഗ്രസ് ശക്തിപ്പെടുമെന്ന് അവർ കരുതി. മാണിയുടെ നെഞ്ചിൽ കുത്തിയ രാഷ്ട്രീയ ബ്രൂട്ടസുമാർക്ക് മാപ്പില്ല. ജോസ് കെ മാണി എംപിയെ കേന്ദ്രമന്ത്രിയാക്കാത്ത കോൺഗ്രസ് നിലപാട് രാഷ്ട്രീയ വഞ്ചനായണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. ബാർ കോഴ വിഷയത്തിൽ അന്നത്തെ ഇടതുമുന്നണിയുടെ സമരം പ്രതിപക്ഷധർമ്മാണെന്ന് എന്ന പരമാർശം മാണിയുടെ ലക്ഷ്യം എങ്ങോട്ടാണെന്ന സുചന നൽകുന്നു.
