കോട്ടയം: യുഡിഎഫിലേക്ക് മടങ്ങിവരാനുള്ള കോണ്‍ഗ്രസ് ക്ഷണം തള്ളി കെഎം മാണി. തീരുമാനം മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. ചരല്‍കുന്ന് ക്യാമ്പിലെ തീരുമാനത്തില്‍ മാറ്റമില്ലെന്നും തീരുമാനം ഉടന്‍ മാറ്റേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും കെപിസിസി എംഎം ഹസന്‍റെ ക്ഷണത്തെ കുറിച്ച് മാണി പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആരോടും അന്ധമായ വിരോധമോ സൗഹൃദമോ ഇല്ല. മലപ്പുറത്ത് കേരള കോണ്‍ഗ്രസ് നല്‍കിയ പിന്തുണ മുസ്ലിം ലീഗിനാണെന്നും മാണി പറഞ്ഞു. മലപ്പുറത്ത് കെ.എം മാണി നല്‍കിയത് യുഡിഎഫിനുളള പിന്തുണയായിരുന്നുവെന്ന ഹസന്‍റെ പരാമര്‍ശമാണ് മാണി തിരുത്തിയത്. 

മലപ്പുറത്തെ ലീഗ് വിജയത്തില്‍ കേരള കോണ്‍ഗ്രസിനും പങ്കുണ്ട്. യുഡിഎഫിലേക്ക് ഉടന്‍ തിരിച്ചില്ലെന്ന് വ്യക്തമാക്കിയാണ് കെഎം മാണി കോട്ടയത്ത് നടത്തിയ പ്രതികരണം. എന്നാല്‍ ഉടന്‍ മടക്കമില്ലെന്ന് പറയുമ്പോഴും നിലപാട് മയപ്പെടുത്തിയാണ് മാണിയുടെ ഓരോ വാക്കുമെന്നതും ശ്രദ്ധേയമാണ്.

നേരത്തെ കേരളാ കോണ്‍ഗ്രസ് നേതാവ് കെ എം മാണി യുഡിഎഫിലേക്ക് മടങ്ങിവരണമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസ്സന്‍. 21ന് ചേരുന്ന യുഡിഎഫ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ഹസ്സന്‍ മാധ്യമങ്ങളോട് പറഞ്ഞു. മാണിയുടെ പിന്തുണ മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തുവെന്നും ഹസ്സന്‍ വ്യക്തമാക്കിയിരുന്നു. 

സംഘടനാ തെരഞ്ഞെടുപ്പില്‍ സമവായം വേണോ എന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഉമ്മന്‍ ചാണ്ടി കെപിസിസി പ്രസിഡന്റാകണമെന്നാണ് തന്റെ ആഗ്രഹമെന്നും ഹസ്സന്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ കെ.എം.മാണിയും പി.ജെ. ജോസഫുമടക്കമുളള കേരള കോണ്‍ഗ്രസ്‌ നേതാക്കള്‍ രംഗത്ത്‌ വന്നതോടെയാണ്‌ മാണി ഗ്രൂപ്പിന്റെ യു.ഡി.എഫിലേയ്‌ക്കുളള മടക്കം രാഷ്‌ട്രീയവൃത്തങ്ങളില്‍ സജീവ ചര്‍ച്ചയായത്‌.