വേങ്ങരയിൽ യുഡിഎഫിനെ പിന്തുണക്കുമെന്ന് കെ എം മാണി വ്യക്തമാക്കി. എന്നാൽ ഇത് യുഡിഎഫിലേക്കുള്ള പാലമായി കാണണ്ടന്നും ഇപ്പോൾ യുഡിഎഫിലേക്കില്ലെന്നും കെ എം മാണി അറിയിച്ചു.
മുന്നണിപ്രവേശനം സംബന്ധിച്ച് കേരളകോൺഗ്രസിനുള്ളിൽ രൂക്ഷമായ അഭിപ്രായവ്യത്യാസം നിലക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു കെ എം മാണിയുടെ വാക്കുകൾ. വേങ്ങരയിൽ മുസ്ലീം ലീഗിനെ പിന്തുണക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച കെ എം മാണി ഇത് മുന്നണിയിലേക്കുള്ള പാലമായി കാണേണ്ടതില്ലെന്ന് വ്യക്തമാക്കി ഇടത് മുന്നണിയുടെ വാതിൽ പൂർണ്ണമായും അടച്ചിട്ടില്ലെന്ന് സൂചിപ്പിച്ചു.
ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ഇടത് മുന്നണിയിലേക്ക് പോകാൻ പടനീക്കം നടത്തുമ്പോഴാണ് യുഡിഎഫിലേക്കിപ്പോഴില്ലെന്ന് മാണി വിശദീകരിച്ചതെന്നതും ശ്രദ്ധേയം
മുന്നണിയിൽ ചേർക്കണമെന്ന് അപേക്ഷയുമായി ആരുടേയും മുന്നിൽ പോകാത്ത തങ്ങലെ വെറുതേ വിടണമെന്ന മാണിയുടെ പ്രസ്താവന സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനുള്ള മറുപടിയായി. യുഡിഎഫിന് മുന്നിലും അപേക്ഷയുമായി പോയിട്ടില്ലെന്ന വ്യക്തമാക്കിയ മാണി മുന്നണിക്കാര്യത്തിൽ ഡിസംബറിലെ സംസ്ഥാനസമ്മേളനത്തിൽ വ്യക്തതവരുമെന്നും അറിയിച്ചു.
