കൊല്ലം: ഡി.സി.സി ഓഫീസില്‍ കോണ്‍ഗ്രസ് വാര്‍ഷിക ചടങ്ങുകള്‍ക്കെത്തിയ തനിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ കെ. മുരളീധരനാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. ആക്രമണത്തിന് പിന്നില്‍ പെയ്ഡ് ഗ്രൂപ്പുകളാണെന്നും ഉണ്ണിത്താന്‍ പ്രതികരിച്ചു. നിലവിലെ സംഭവങ്ങൾ ദൗർഭാഗ്യകരമാണെന്നായിരുന്നു കെ.മുരളീധരൻ പ്രതികരിച്ചത്. ഉണ്ണിത്താന്‍റെ പ്രവൃത്തികൾക്ക് പിന്നിൽ ചരട് വലികളുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. എന്നാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ പ്രവര്‍ത്തകര്‍ പ്രകോപിതരവാനുള്ള സാഹചര്യം കണക്കിലെടുത്ത് പരിപാടി ഉണ്ണിത്താന്‍ ഒഴിവാക്കണമെന്നായിരുന്നു പ്രതാപവര്‍മ്മ തമ്പാന്‍ അഭിപ്രായപ്പെട്ടത്.

അതേ സമയം ഐക്യം പരമപ്രധാനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു. സംഘടനാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി മുന്നോട്ട് പോകണം. സ്ഥാനങ്ങളിലിരുന്ന് പ്രവര്‍ത്തിക്കാതിരിക്കുന്ന സംവിധാനം മാറണം. പാര്‍ട്ടി ദുര്‍ബലമായാല്‍ അണികളും ദുര്‍ബലരാകുമെന്നും വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരമെന്നും സുധീരന്‍ പറഞ്ഞു.