കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ സർക്കാർ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കെ മുരളീധരൻ എംഎല്‍എ. യഥാർഥ പ്രതികളെ പിടി കൂടിയില്ലെങ്കിൽ പാർട്ടി കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും നിയമം കൈയ്യിലെടുപ്പിക്കരുതെന്നും മുരളീധരന്‍. 

ദില്ലി: കാസര്‍ഗോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ യഥാര്‍ഥ പ്രതികള പിടികൂടിയില്ലെങ്കില്‍ കോണ്‍ഗ്രസ് ഏതറ്റം വരെയും പോകുമെന്ന് കെപിസിസി പ്രചാരണ സമിതി അധ്യക്ഷന്‍ കെ മുരളീധരന്‍. യഥാർഥ പ്രതികളെ പിടി കൂടിയില്ലെങ്കിൽ പാർട്ടി കൈയും കെട്ടി നോക്കിയിരിക്കില്ല. കോണ്‍ഗ്രസിനെക്കൊണ്ട് നിയമം കൈയ്യിലെടുപ്പിക്കരുതെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. 

പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഹര്‍ത്താല്‍ നടത്തിയതില്‍ യൂത്ത് കോണ്‍ഗ്രസിനൊപ്പമാണ്. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ നോട്ടീസ് നല്‍കി 41 ദിവസത്തിന് ശേഷം ഹര്‍ത്താല്‍ നടത്തിയാല്‍ മതിയെന്ന കോടതി നിലപാടിനോട് യോജിപ്പില്ലെന്നും മുരളീധരന്‍ ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.