ആലപ്പുഴ: നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയെന്ന മുദ്രാവാക്യവുമായി സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിലില്‍ ഗൗരിയമ്മ പങ്കെടുത്തില്ല. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് മതിലില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഗൗരിയമ്മ പിന്മാറിയത്. അതേസമയം മതില് തീര്‍ത്ത സമയം തന്‍റെ വീടിന് പുറത്തിറങ്ങി ഗൗരിയമ്മ മതിലിന് ഐക്യദാര്‍ഢ്യം അറിയിച്ചു.

ഗൗരിയമ്മയെ നേരത്തെ മന്ത്രി ജി സുധാകരൻ വീട്ടിൽ എത്തി ക്ഷണിച്ചിരുന്നു. മതിലില്‍ പങ്കെടുക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ആലപ്പുഴ വൈഎംസിഎ ജങ്ഷനിൽ അണിചേരാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് യാത്ര ഒഴിവാക്കുകയായിരുന്നു.

അതേസമയം നിരവധി പേര്‍ ആലപ്പുഴയില്‍ വനിതാ മതിലില്‍ പങ്കെടുത്തു. ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിന് മുന്നിൽ വെള്ളപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിഎസ് സുജാത, എഴുത്തുകാരി ശാരദക്കുട്ടി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. മതിലിന് അഭിവാദ്യം അർപ്പിക്കാൻ വെള്ളാപ്പള്ളി നടേശനും എത്തിയിരുന്നു.