പ്രളയകാലത്തെ ജര്‍മ്മന്‍ യാത്രയിൽ ഖേദം പ്രകടിപ്പിച്ച് വനം മന്ത്രി കെ.രാജു. പോകുമ്പോള്‍ പ്രളയം ഇത്ര രൂക്ഷമാവുമെന്ന് കരുതിയില്ല. ജര്‍മനിയില്‍ എത്തി പ്രളയത്തെക്കുറിച്ച് അറിഞ്ഞയുടന്‍ തിരികെ വരാന്‍ ശ്രമിച്ചെങ്കിലും ടിക്കറ്റ് ലഭിക്കാതിരുന്നത് മൂലമാണ് മടങ്ങി വരവ് വൈകിയതെന്ന് കെ രാജു വിശദമാക്കി

തിരുവനന്തപുരം: ലോകമലയാളി കൗൺസിലിന്‍റെ സമ്മേളനത്തിൽ പങ്കെടുക്കാൻ ജർമനിക്ക് തിരിക്കുമ്പോൾ കേരളത്തിൽ പ്രളയത്തിന്‍റെ സാഹചര്യമില്ലായിരുന്നു എന്ന് വനം മന്ത്രി കെ.രാജു. ഇത്തരത്തിലുള്ള വലിയ പ്രളയമാണ് ഉണ്ടാകാൻ പോകുന്നതെന്ന് മുൻകൂട്ടി കാണാൻ അറിഞ്ഞിരുന്നെങ്കിൽ ജർമനിക്ക് പോകില്ലായിരുന്നുവെന്നും മന്ത്രി വിശദീകരിക്കുന്നു.

പതിനഞ്ചാം തീയതി വൈകുന്നേരം ജർമനിക്ക് വിമാനം കയറുമ്പോൾ പ്രളയം രൂക്ഷമല്ലായിരുന്നു എന്ന് അദ്ദേഹം അവകാശപ്പെട്ടു. കോട്ടയത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ നാട് രൂക്ഷമായ പ്രളയക്കെടുതിയെ നേരിടുകയാണെന്ന് അദ്ദേഹം പ്രസംഗിച്ചിരുന്നു. പക്ഷേ പ്രസംഗത്തിൽ പറഞ്ഞത് തൊട്ടുമുമ്പ് ഉണ്ടായ പ്രളയത്തെക്കുറിച്ചാണെന്നാണ് മന്ത്രിയുടെ അവകാശവാദം. 

ജർമനിയിൽ ഡസൽ ഫോർട്ട് എയർപോർട്ടിൽ ചെന്നിറങ്ങിയതിന് ശേഷമാണ് കേരളത്തിൽ പ്രളയം രൂക്ഷമായ സാഹചര്യമാണെന്ന് സമ്മേളന പ്രതിനിധികളിൽ നിന്ന് അറിഞ്ഞത്. ഉടൻതന്നെ സംഘാടകരോട് തിരിച്ചുപോകണം എന്നാവശ്യപ്പെട്ടു. എന്നാൽ ഡസൽഫോർട്ട് വിമാനത്താവളത്തിൽ നിന്നും കേരളത്തിലേക്ക് വിമാനടിക്കറ്റ് കിട്ടിയില്ലെന്നും കെ.രാജു വിശദീകരിച്ചു.

ഇതിനിടെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഫോണിൽ വിളിച്ച് തിരികെ വരണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ അപ്പോഴും ടിക്കറ്റ് കിട്ടിയില്ല. ഒടുവിൽ വലിയ ശ്രമങ്ങൾക്കുശേഷം പത്തൊൻപതാം തീയതി 185 കിലോമീറ്റർ അകലെയുള്ള ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ നിന്നാണ് ടിക്കറ്റ് ശരിയായതെന്നും മന്ത്രി പറയുന്നു.

ദുരന്തമേഖലയായി മാറിയ കോട്ടയത്തിന്റെ ചുമതലുണ്ടായിരുന്ന മന്ത്രി, മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരിപാടിക്കായി ജര്‍മ്മനിയിലേക്ക് പോയ സംഭവം ഏറെ വിവാദമായിരുന്നു. സന്ദര്‍ശന വേളയിൽ വകുപ്പ് കൈമാറിയത് മുഖ്യമന്ത്രി അറിയാതെയാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.വിഷയം ചര്‍ച്ച ചെയ്യാന്‍ സിപിഐയുടെ അടിയന്തര എക്സിക്യൂട്ടീവ് ഈ മാസം 28ന് ചേരാനിരിക്കെയാണ് ഖേദ പ്രകടനം.