കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ കെ സുധാകരന്‍ നിരാഹാര സമരം തുടരും. ഇന്ന് വൈകുന്നേരം സമര പന്തലില്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സമരത്തെ കണ്ടില്ലെന്ന് നടിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎം നടത്തുന്നത് കമ്യൂണിസമല്ല കമ്യൂണലിസമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ജുനൈദ് വധത്തെക്കുറിച്ച് ഒരു വാക്ക് മിണ്ടാന്‍ ഇനി സിപിഎമ്മിന് അര്‍ഹതയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രാവിലെ യു.ഡി.എഫ് നേതാക്കള്‍ സമരപ്പന്തലില്‍ യോഗം ചേര്‍ന്നപ്പോള്‍ സമരം അവസാനിപ്പിച്ച് നിയമപോരാട്ടവും മറ്റും തുടരണമെന്ന് ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. വൈകുന്നേരം ചേര്‍ന്ന യോഗത്തില്‍ നേതാക്കള്‍ വീണ്ടും ഇക്കാര്യം ചര്‍ച്ച ചെയ്തു. ഈ ഘട്ടത്തില്‍ സമരം അവസാനിപ്പിക്കുന്നത് ശരിയല്ലെന്നും സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ നിരാഹാര സമരം തുടരണമെന്ന തീരുമാനമാണ് യോഗം കൈക്കൊണ്ടത്.
