'മണ്ഡലമാസത്തിലെ ഏറ്റവും വിശിഷിടമായ ചടങ്ങുകളിലൊന്നായ തങ്ക അങ്കി ഘോഷയാത്ര നടക്കുന്ന ദിവസം തന്നെ അരാജകവാദികള്‍ക്ക് ആചാരലംഘനത്തിനുള്ള അനുമതിയും ഭക്തജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തത് വിശ്വാസി സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണ്'
തിരുവനന്തപുരം: ശബരിമലയില്‍ 'മനിതി' സംഘം സന്ദര്‍ശനത്തിനെത്തിയ സംഭവത്തിന് പിന്നില്‍ പിണറായി വിജയന്‍ സര്‍ക്കാരെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍. വനിതാമതില്‍ പൊളിയുമെന്ന് ഉറപ്പായതോടെ പുതിയ നീക്കവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണെന്നും കെ സുരേന്ദ്രന്‍.
ശബരിമല ദര്‍ശനത്തിനെത്തിയ 'മനിതി' സംഘടനാ നേതാവ് സെല്‍വിയടക്കമുള്ള 11 അംഗസംഘം ദര്‍ശനം നടത്താതെ തിരിച്ചുപോകില്ലെന്ന നിലപാട് അറിയിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ സുരേന്ദ്രന്‍ ഇടതുസര്‍ക്കാരിനെയും മനിതിയെയും ബന്ധപ്പെടുത്തിക്കൊണ്ട് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണമായി വായിക്കാം...
'മണ്ഡലമാസത്തിലെ ഏറ്റവും വിശിഷിടമായ ചടങ്ങുകളിലൊന്നായ തങ്ക അങ്കി ഘോഷയാത്ര നടക്കുന്ന ദിവസം തന്നെ അരാജകവാദികള്‍ക്ക് ആചാരലംഘനത്തിനുള്ള അനുമതിയും ഭക്തജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തത് വിശ്വാസി സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണ്. വഴിനീളെ പൊലീസ് അകമ്പടിയും നിലക്കലില്‍ നിന്ന് പമ്പയിലേക്കുള്ള വാഹനസൗകര്യവുമെല്ലാം ഇതിന്റെ തെളിവാണ്. കേന്ദ്രമന്ത്രിക്കുവരെ കൊടുക്കാത്ത വിഐപി പരിഗണനയാണ് ഇത്തരം ആചാരലംഘകര്‍ക്ക് നല്‍കിയത്. വിശ്വാസികളെ വഴിയില്‍ ലാത്തിച്ചാര്‍ജ്ജ് ചെയ്യുകയും ചെയ്തു. കേരളത്തില്‍ നിന്ന് ആരെയും കിട്ടാത്തതുകൊണ്ടാണ് തമിഴ്‌നാട്ടില്‍ നിന്ന് ആളുകളെ കൊണ്ടുവന്നിരിക്കുന്നത്. സര്‍ക്കാരിന്റെ ഒത്താശയോടുകൂടിയാണ് എല്ലാം നടക്കുന്നത്. ഇതിനെല്ലാം പിണറായി വിജയന്‍ സര്‍ക്കാര്‍ ഉത്തരം പറയേണ്ടിവരും. മതില് പൊളിയുമെന്നുറപ്പായപ്പോഴാണ് പുതിയ നീക്കവുമായി രംഗത്തുവന്നിരിക്കുന്നത് '.

