തിരുവനന്തപുരം: കെ.സുരേന്ദ്രന്റെ വിവാദ പ്രസംഗത്തില്‍ നിയമപരമായി ചെയ്യാന്‍ കഴിയുന്നതെന്തെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. മംഗളൂരുവില്‍ നടത്തിയ പ്രസംഗത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ തങ്ങള്‍ എതിരാളികളെ വകവരുത്തിയെന്ന് വെളിപ്പെടുത്തിയിരുന്നു. സുരേന്ദ്രന്റ പരസ്യമായ വെളിപ്പെടുത്തലിനെതിരെ നടപടിവേണമെന്ന് ആവശ്യമുയര്‍ന്നു.
സുരേന്ദ്രന്റെ പ്രസംഗത്തിനെതിരെ എം. സ്വരാജ് എംഎല്‍എ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ സുരേന്ദ്രന്റെ പ്രസംഗം കര്‍ണാടകയിലായതിനാല്‍ കര്‍ണാടക പോലീസാണ് നടപടി എടുക്കേണ്ടത്. സ്വരാജ് നല്‍കിയ പരാതി ഡിജിപി കര്‍ണാടക പോലീസിന് കൈമാറും. തങ്ങള്‍ എതിരാളികളെ കൊന്നിട്ടുണ്ടെന്നാണ് സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍.
ഈ സാഹചര്യത്തില്‍ ആരെയൊക്കെയാണ് കൊന്നതെന്ന് കണ്ടെത്താന്‍ സുരേന്ദ്രനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് സ്വരാജ് ആവശ്യപ്പെടുന്നത്. അടിക്കു പകരം അടിയും കൊലയ്ക്കു പകരം കൊലയും ചെയ്തിട്ടുണ്ടെന്നും രണ്ടു ശതമാനം വോട്ട് മാത്രം ഉണ്ടായിരുന്നപ്പോയാണ് ഇതൊക്കെ ചെയ്തിട്ടുള്ളതെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രസംഗം.
