Asianet News MalayalamAsianet News Malayalam

കര്‍ഷക സമരത്തിന്‍റെ ലക്ഷ്യം കലാപം; സിപിഎമ്മിന് രാഷ്ട്രീയ കൃഷിയെന്ന് കെ. സുരേന്ദ്രന്‍

  • ലക്ഷ്യം വെടിവെപ്പും അതിലൂടെ രാഷ്ട്രീയ മുതലെടുപ്പും
  • ആദ്യം പ്ലാൻ ചെയ്തത് വലിയൊരു ജാതി കലാപം
  • കര്‍ഷക മാര്‍ച്ചിനെ പരിഹസിച്ച് കെ. സുരേന്ദ്രന്‍
K Surendran Facebook post against Maharashtra farmers march

കണ്ണൂര്‍: മഹാരാഷ്ട്രയില്‍ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷകരുടെ ലോംങ് മാര്‍ച്ചിന്‍റെ ലക്ഷ്യം കലാപമായിരുന്നുവെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. കലാപത്തിന് നേരെ വെടിവയ്പ്പും അിലൂടെ രാഷ്ട്രീയ മുതലെടുപ്പുമായിരുന്നു മാര്‍ച്ചിന്‍റെ ലക്ഷ്യമെന്ന് കെ. സുരേന്ദ്രന്‍ ആരോപിച്ചു. ഫേസ്ബുക്കിലൂടെയാണ് കെ. സുരേന്ദ്രന്‍റെ വിമര്‍ശനം.

 കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ സി. പി. എമ്മിനു കിട്ടിയത് വെറും ഒന്നേ കാൽ ശതമാനം വോട്ടാണ്. കേരളത്തിൽനിന്നു പോയ കിസാൻ സഭക്കാരും പിന്നെ കുറെ മാവോവാദികളും വിധ്വംസക ശക്തികളും ചേർന്നാണ് ഈ സമരം നടത്തിയത്. പിന്തുണ പ്രഖ്യാപിച്ച പിണറായി വിജയൻ സ്വന്തം നാട്ടിലെ കൃഷിക്കാരൊക്കെ വലിയ നിലയിലെത്തിക്കഴിഞ്ഞു എന്നാണോ വിചാരിക്കുന്നത്? അല്ലെങ്കിൽ തന്നെ രാഷ്ട്രീയ കൃഷിയല്ലാതെ എന്താണ് കേരളത്തിൽ പച്ചപിടിച്ച വേറൊരു കൃഷിയുള്ളത്?- കെ സുരേന്ദ്രന്‍ ചോദിച്ചു.

കെ. സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

സത്യത്തിൽ വലിയൊരു കലാപമായിരുന്നു ലക്ഷ്യം. ഒരു വെടിവെപ്പും അതിലൂടെ രാഷ്ട്രീയ മുതലെടുപ്പും. ഗുജറാത്ത് ഹിമാചൽ തെരഞ്ഞെടുപ്പുകൾക്കുശേഷം മഹാരാഷ്ട്രയിൽ ഇതു രണ്ടാം തവണയാണ് ഈ ഗൂഡാലോചന നടക്കുന്നത്. ആദ്യം പ്ളാൻ ചെയ്തത് വലിയൊരു ജാതി കലാപമായിരുന്നു. അതു ദയനീയമായി പരാജയപ്പെട്ടു. ദേവേന്ദ്ര ഫട്നാവീസ് ഈ നീക്കവും സമർത്ഥമായി നേരിട്ടു. 

ബംഗാളിൽ കൃഷിക്കാരെ കോർപ്പറേററുകൾക്കുവേണ്ടി വെടിവെച്ചുകൊന്നവരാണ് ഇപ്പോൾ കർഷകരുടെ സംരക്ഷകരായി സമരം ചെയ്യുന്നത്. അതും സലീം ഗ്രൂപ്പിനുവേണ്ടി കൂട്ടക്കുരുതി നടത്തിയവർ. വിയററ് നാം യുദ്ധത്തിൽ കമ്യൂണിസ്ടുകളെ കൊന്നൊടുക്കാൻ പണം വാരി എറിഞ്ഞവർക്കുവേണ്ടിയാണ് അവർ കൃഷിക്കാരെ കുരുതി കൊടുത്തത് എന്നോർമ്മിക്കണം. ഇനിയും ഇത്തരം നീക്കങ്ങൾ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പുവരെ പ്രതീക്ഷിക്കാം. 

വലിയ വായിൽ സമരത്തെ പുകഴ്ത്തുന്നവരെ ഒരു കാര്യം വിനയത്തോടെ ഓർമ്മിപ്പിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ സി. പി. എമ്മിനു കിട്ടിയത് വെറും ഒന്നേ കാൽ ശതമാനം വോട്ടാണ്. കേരളത്തിൽനിന്നു പോയ കിസാൻ സഭക്കാരും പിന്നെ കുറെ മാവോവാദികളും വിധ്വംസക ശക്തികളും ചേർന്നാണ് ഈ സമരം നടത്തിയത്. പിന്തുണ പ്രഖ്യാപിച്ച പിണറായി വിജയൻ സ്വന്തം നാട്ടിലെ കൃഷിക്കാരൊക്കെ വലിയ നിലയിലെത്തിക്കഴിഞ്ഞു എന്നാണോ വിചാരിക്കുന്നത്? അല്ലെങ്കിൽ തന്നെ രാഷ്ട്രീയ കൃഷിയല്ലാതെ എന്താണ് കേരളത്തിൽ പച്ചപിടിച്ച വേറൊരു കൃഷിയുള്ളത്?

Follow Us:
Download App:
  • android
  • ios