'യുവതികളെ പൊലീസ് അകമ്പടിയോടുകൂടി എഴുന്നെള്ളിച്ചത് വിശ്വാസികൾ മറന്നു എന്നാണോ ഈ ആചാരക്കള്ളൻ വിചാരിക്കുന്നത് ?' ദേവസ്വംമന്ത്രിയ്ക്കെതിരെ കെ സുരേന്ദ്രന്‍

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ആചാരകള്ളനെന്ന് വിളിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. 'മധുരയിൽ പോയി മനിതിക്കാരെ കൂട്ടിക്കൊണ്ടുവന്നതും പത്തുമുപ്പതു യുവതികളെ പൊലീസ് അകമ്പടിയോടുകൂടി എഴുന്നെള്ളിച്ചതും വിശ്വാസികൾ മറന്നു എന്നാണോ ഈ ആചാരക്കള്ളൻ വിചാരിക്കുന്നത്' എന്ന് സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കടകമ്പള്ളി സുരേന്ദ്രൻ കഴക്കൂട്ടം മണ്ഡലത്തിൽ ബി ജെ പി നേതാവ് വി. മുരളീധരനോട് 6000 വോട്ടിനാണ് വിജയിച്ചത്. ദിവസവും രാവിലെയും വൈകീട്ടും ഒരു ലജ്ജയുമില്ലാതെ ശബരിമല വിഷയത്തിൽ പിണറായി പറയുന്നതിന് കടകവിരുദ്ധമായി ഈ പകൽമാന്യൻ സംസാരിക്കുന്നതിന്റെ കാരണവും അതു തന്നെയല്ലേ. മണ്ഡലവിളക്കു കഴിഞ്ഞപ്പോൾ ഇനി ആക്ടിവിസ്ടുകൾ അങ്ങോട്ട് വരരുതെന്ന് ഇയാൾ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. കേട്ടാൽ തോന്നും ആക്ടിവിസ്ടുകൾ സ്വമേധയാ വരികയാണെന്ന്. മധുരയിൽ പോയി മനിതിക്കാരെ കൂട്ടിക്കൊണ്ടുവന്നതും പത്തുമുപ്പതു യുവതികളെ പൊലീസ് അകമ്പടിയോടുകൂടി എഴുന്നെള്ളിച്ചതും വിശ്വാസികൾ മറന്നു എന്നാണോ ഈ ആചാരക്കള്ളൻ വിചാരിക്കുന്നത്? ആചാരലംഘനത്തിന് പഠിച്ചപണി പതിനെട്ടും പയറ്റിയ കടകമ്പള്ളി അത് നടക്കില്ലെന്നുറപ്പായപ്പോൾ വിശ്വാസികളെ കബളിപ്പിക്കാൻ പുതിയ ബഡായികളുമായി ഇറങ്ങിയിരിക്കുന്നത് ആർക്കും മനസ്സില്ലാവില്ലെന്നാണോ കരുതിയത്? കഴക്കൂട്ടത്തും തിരുവനന്തപുരത്തും ഇനി പച്ച തൊടില്ലെന്ന് മനസ്സിലായതുകൊണ്ടാണല്ലോ ഈ നാണം കെട്ട ഉരുളൽ. കടകമ്പള്ളി സുരേന്ദ്രാ ഇതിലും ഭേദം ഒരു കഷണം കയറെടുക്കുന്നതാണ് താങ്കൾക്ക് നല്ലത്.