തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടന തീയതിയെ ചൊല്ലി വിവാദം രൂക്ഷമാകുന്നു. പ്രധാനമന്ത്രി നേരേന്ദ്രമോദിയെ കേരളം അപമാനിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ആരോപിച്ചു. പ്രധാനമന്ത്രി നടത്തുന്ന വിദേശപര്യടനത്തിന്റെ തീയതി ഏപ്രില്‍ 19 നുതന്നെ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടതാണ്. മെയ് 29 മുതല്‍ ജൂണ്‍ 3 വരെ പ്രധാനമന്ത്രി ഇന്ത്യയില്‍ ഇല്ലെന്നറിഞ്ഞുകൊണ്ടാണ് സംസ്ഥാനസര്‍ക്കാര്‍ മെട്രോയുടെ ഉദ്ഘാടനം തീരുമാനിക്കുന്നത്.

തികഞ്ഞ അല്‍പ്പത്തമാണ് കേരളസര്‍ക്കാര്‍ കാണിക്കുന്നത്. പ്രധാനമന്ത്രിയെ അപമാനിക്കാന്‍ കരുതിക്കൂട്ടി നടത്തിയ നീക്കമാണിത്. ഇതുകൊണ്ട് കേരളത്തിന് ഗുണമൊന്നും ഉണ്ടാവില്ലെന്ന് മാത്രമല്ല ദോഷമേ ഉണ്ടാവുകയുള്ളൂ. ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം ആരും കളിക്കരുത്. ടീം ഇന്ത്യ എന്ന സ്പിരിററിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.