Asianet News MalayalamAsianet News Malayalam

വനിതാ മതിൽ എന്തിന് വേണ്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: കെ സുരേന്ദ്രൻ

ശബരിമലയില്‍ യുവതീ പ്രവേശനത്തിന് വേണ്ടിയാണോ വനിതാ മതിൽ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി  കെ സുരേന്ദ്രൻ.

K Surendran press meet
Author
Thiruvananthapuram, First Published Dec 8, 2018, 3:56 PM IST

 

തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശനത്തിന് വേണ്ടിയാണോ വനിതാ മതിൽ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി  കെ സുരേന്ദ്രൻ. ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ സർക്കാർ പരാജയപ്പെട്ടു എന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. യുവതീ പ്രവേശത്തിൽ കോടതി വിധി വന്നപ്പോഴുള്ള നിലപാടാണോ ഇപ്പോഴത്തെ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

ഉമ്മൻ ചാണ്ടിയോ, കുഞ്ഞാലിക്കുട്ടിയോ ആയിരുന്നെങ്കില്‍ പുലർച്ചെ മൂന്നിന് പൊലീസ് അറസ്റ്റ് ചെയ്യുമോ എന്നും കെ സുരേന്ദ്രന്‍ ചോദിച്ചു. തനിക്കെതിരെയുണ്ടായത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രതിഷേധവും വേണ്ടന്ന് പറഞ്ഞത് താനാണ്.

റിമാന്‍റിലുളളപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കാൻ പൊലീസ് അവസരം തന്നതല്ല, താൻ പറഞ്ഞതാണ്. നിലയ്ക്കലിൽ അറസ്റ്റിലായവരെല്ലാം അക്രമകാരികളല്ല. തീർത്ഥാടകയെ കൊന്നുകളയെടാ എന്നു വിളിച്ചു പറഞ്ഞയാളിനെ എന്തുകൊണ്ട് പൊലീസ് കണ്ടെത്തുന്നില്ല. സി പി എം - ഡിവൈഎഫ്ഐ പ്രവർത്തകരാണ് ചിത്തിര ആട്ടവിശേഷ ദിവസം പ്രശ്നമുണ്ടാക്കിയത്. തൃശൂരിൽ നിന്നുള്ള സി പി എം പ്രവർത്തകരാണ് പ്രശ്നമുണ്ടാക്കിയെന്നതിന് തെളിവുണ്ട് എന്നും അദ്ദേഹം പറ‌ഞ്ഞു.

തന്ത്രി കുടുംബവും പന്തളം കൊട്ടാരവും എൻ എസ് എസും നിലപാടെടുത്തതുകൊണ്ടാണ് സമരത്തിന് സ്വീകാര്യതയുണ്ടായത്. ബി ജെ പിയും ആർ എസ് എസും മാത്രം വിചാരിച്ചാൽ ഇത്ര സ്വീകാര്യത ലഭിക്കുമായിയിരുന്നില്ല എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 

 22 ദിവസത്തെ ജയിൽവാസത്തിനുശേഷമാണ് കെ സുരേന്ദ്രൻ ഇന്ന് പുറത്തിറങ്ങിയത്. നിയമലംഘനം നടത്തിയിട്ടില്ലെന്നും ശബരിമല പ്രതിഷേധങ്ങളിൽ പങ്കെടുക്കുമെന്നും കെ.സുരേന്ദ്രൻ പ്രതികരിച്ചു.


 

Follow Us:
Download App:
  • android
  • ios