രാജ്യത്ത് കന്നുകാലികളെ സംരക്ഷിക്കേണ്ടത് സര്‍ക്കാറിന്റെ നയം തന്നെയാണെന്നും ഇത് പ്രകടന പത്രികയില്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ പ്രതികരിച്ചു. കാര്‍ഷിക രാജ്യമായ ഇന്ത്യ മൃഗങ്ങളെ സംരക്ഷിക്കേണ്ടത് ആവശ്യമാണ്. ഗോവധം നിരോധിക്കുമെന്നത് സര്‍ക്കാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പി ഭരിക്കാത്ത സംസ്ഥാനങ്ങളിലും ഇത്തരം നിരോധനം ഇപ്പോള്‍ പ്രാബല്യത്തിലുണ്ട്. എന്നാല്‍ മറ്റ് മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് തടയുന്നത് നിലവിലുള്ള ജന്തു പീഡന നിരോധന നിയമം നടപ്പാക്കുക മാത്രമാണെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. രോഗം ബാധിച്ച കന്നുകാലികളെ പോലും ചെക്ക് പോസ്റ്റില്‍ പണം നല്‍കി കടത്തിക്കൊണ്ടുവന്ന് കശാപ്പ് ചെയ്യുന്നുണ്ട്. നിയമപരമായ പരിശോധനകള്‍ നടക്കുന്നില്ല. ഇതിന് ഒരു അറുതി വേണം. മൃഗ സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ ധാരാളം പണം നല്‍കുന്നുണ്ട്. അത് വാങ്ങി അതിന് വേണ്ട പദ്ധതികള്‍ ആവിഷ്കരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.