'പിണറായി വിജയന്‍ ഇത്രയും നാള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സഖാക്കളെ വിശ്വസിപ്പിച്ചിരുന്നത് തനിക്ക് രണ്ട് ചങ്കുണ്ട് എന്നാണ്. എന്നാല്‍ ചിത്തിരയാട്ട വിശേഷ പൂജ കഴിഞ്ഞപ്പോള്‍ പിണറായി വിജയന് രണ്ട് ചങ്ക് പോയിട്ട് ഒരു ചങ്കുമില്ല, ഒരു ഓട്ടച്ചങ്കനാണ് പിണറായി വിജയന്‍' 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരട്ടച്ചങ്കനല്ല, ഓട്ടച്ചങ്കനെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. ശബരിമല തകര്‍ക്കാന്‍ ശ്രമം നടത്തുന്ന ആധുനിക ടിപ്പു സുല്‍ത്താനായ പിണറായി വിജയനെതിരായ സമരത്തിന്റെ തുടക്കം മാത്രമാണ് കണ്ടതെന്നും കെ.സുരേന്ദ്രന്‍. 

'എല്ലാ ജില്ലകളിലും വിശദീകരണ യോഗങ്ങള്‍ നടത്തി, എന്തുവന്നാലും യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കും, സുപ്രീംകോടതി വിധി നടപ്പാക്കുമെന്നൊക്കെ പറഞ്ഞത് ആരാണ്. ഡബിള്‍ ചങ്കനാണ്, ഇരട്ടച്ചങ്കനാണ്. പിണറായി വിജയന്‍ ഇത്രയും നാള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സഖാക്കളെ വിശ്വസിപ്പിച്ചിരുന്നത് തനിക്ക് രണ്ട് ചങ്കുണ്ട് എന്നാണ്. എന്നാല്‍ ചിത്തിരയാട്ട വിശേഷ പൂജ കഴിഞ്ഞപ്പോള്‍ പിണറായി വിജയന് രണ്ട് ചങ്ക് പോയിട്ട് ഒരു ചങ്കുമില്ല, ഒരു ഓട്ടച്ചങ്കനാണ് പിണറായി വിജയന്‍'- കെ.സുരേന്ദ്രന്‍ പറഞ്ഞു. 

ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി പൊലീസ് ചെയ്യേണ്ട ജോലിയാണ് ഏറ്റെടുത്ത് ചെയ്തതെന്നും പ്രകോപിതരായ അയ്യപ്പഭക്തരെ സമാധാനിപ്പിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും കെ.സുരേന്ദ്രന്‍ ന്യായീകരിച്ചു.

'വത്സന്‍ തില്ലങ്കേരി ആചാരലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ പ്രായശ്ചിത്തം ചെയ്യും. വേണമെങ്കില്‍ 41 ദിവസം ശബരിമല സന്നിധാനത്ത് വത്സന്‍ തില്ലങ്കേരിയെ തന്നെ ഭജനമിരുത്താം'- സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 

കാസര്‍കോഡ് മധൂറില്‍ എന്‍ഡിഎയുടെ നേതൃത്വത്തില്‍ നടന്ന ശബരിമല സംരക്ഷണ രഥയാത്രയുടെ ഉദ്ഘാടന യോഗത്തിലായിരുന്നു കെ. സുരേന്ദ്രന്റെ പ്രസംഗം.