Asianet News MalayalamAsianet News Malayalam

സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസ്; കെ. സുരേന്ദ്രൻ ഇന്ന് ജാമ്യാപേക്ഷ നല്‍കും

ചിത്തിര ആട്ട വിശേഷ സമയത്ത് മകന്‍റെ കുഞ്ഞിന്‍റെ ചോറൂണിനെത്തിയ തൃശ്ശൂർ സ്വദേശിനി ലളിതയെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്നാണ് സുരേന്ദ്രനെതിരെയുള്ള കേസ്. ഇതിൽ പതിമൂന്നാം പ്രതിയാണ് സുരേന്ദ്രൻ

k surendran will five bail application today
Author
Pathanamthitta, First Published Nov 26, 2018, 6:54 AM IST

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ചതിൽ ഗൂഡാലോചന നടത്തിയെന്ന കേസിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ഇന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകും. റാന്നി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.

കണ്ണൂർ മജിസ്ട്രേറ്റ് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റ് ഉള്ളതിനാൽ സുരേന്ദ്രനെ ഇന്ന് കണ്ണൂരിൽ ഹാജരാക്കും. കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന സുരേന്ദ്രനെ ഇന്നലെ കോഴിക്കോട് എത്തിച്ചിരുന്നു. ജയിൽ മാറണമെന്നതടക്കമുള്ള സുരേന്ദ്രന്‍റെ ആവശ്യങ്ങളും കോടതി ഇന്ന് പരിഗണിച്ചേക്കും.

ചിത്തിര ആട്ട വിശേഷ സമയത്ത് മകന്‍റെ കുഞ്ഞിന്‍റെ ചോറൂണിനെത്തിയ തൃശ്ശൂർ സ്വദേശിനി ലളിതയെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്നാണ് സുരേന്ദ്രനെതിരെയുള്ള കേസ്. ഇതിൽ പതിമൂന്നാം പ്രതിയാണ് സുരേന്ദ്രൻ. നിരോധനാജ്ഞ ലംഘിച്ച കേസിൽ നേരത്തെ സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു.

എന്നാല്‍, സ്ത്രീയെ ആക്രമിച്ച കേസില്‍ വധശ്രമത്തോട് അനുബന്ധിച്ചുള്ള ഗൂഢാലോചനയായതിനാൽ ജാമ്യം അനുവദിക്കാനാകില്ല എന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ പൊലീസിന് ഒരു മണിക്കൂര്‍ അനുമതിയും കോടതി നല്‍കി.

ചിത്തിര ആട്ടവിശേഷത്തിന് സന്നിധാനത്ത് 52 വയസുള്ള തൃശ്ശൂർ സ്വദേശിനി ലളിതാദേവിയെ ഒരു സംഘം ആളുകൾ അക്രമിച്ചതിലെ ഗൂഢാലോചനക്കേസിലാണ് കെ.സുരേന്ദ്രനെ പ്രതി ചേർത്തിരിക്കുന്നത്. സുരേന്ദ്രന്‍റെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തുകൊണ്ടാണ് പ്രോസിക്യൂഷൻ വാദങ്ങൾ നിരത്തിയത്.

സുരേന്ദ്രൻ നിരവധി കേസുകളിൽ പ്രതിയാണ്. സുപ്രീം കോടതി വിധിയെ പരസ്യമായി വെല്ലുവിളിച്ചു. ചിത്തിര ആട്ടവിശേഷത്തിന് സ്ത്രീയെ ആക്രമിച്ച സംഭവത്തിലെ ഗുഢാലോചന തെളിയിക്കുന്ന ദൃശ്യങ്ങളുമുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു. എന്നാൽ, പൊലീസ് എടുത്തിരിക്കുന്നത് കള്ളക്കേസുകളാണെന്ന് സുരേന്ദ്രന്‍റെ അഭിഭാഷകൻ വാദിച്ചു.

Follow Us:
Download App:
  • android
  • ios