കരിപ്പൂര്‍ വിമാനത്താവളവികസനത്തിനായി ഭൂമി ന്യായവിലനല്‍കി ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി കെ ടി ജലീല്‍. സെന്‍റിന് മൂന്നു ലക്ഷം മുതല്‍10 ലക്ഷം വരെ നല്‍കുമെന്ന തന്‍റ പ്രഖ്യാപനം തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
മലപ്പുറത്തു നടന്ന സര്‍വ്വകക്ഷി യോഗത്തിലാണ്, വിമാനത്താവളവികസനത്തിനായി ഭൂമി വിട്ടുനല്‍കുന്നര്‍ക്ക് സെന്‍റിന് മൂന്നു ലക്ഷം മുതല്‍ 10 ലക്ഷം വരെ നല്‍കുമെന്ന് മന്ത്രി കെ ടി ജലീല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ന്യായവില മാത്രമേ നല്‍കുകയുള്ളുവെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ചോദ്യത്തിന് മറുപടിയായി പറയുകയായിരുന്നു. മുഖ്യമന്ത്രിയും താനും പറഞ്ഞത് ഒന്നു തന്നെയാണെന്നാണ് മന്ത്രി ഇന്നു വിശദീകരിച്ചത്.
ഹജ്ജ് യാത്ര കരിപ്പുരില്‍ നിന്നു പുനരാരംഭിക്കാനുള്ള നടപടികള്‍ക്കായി ജനുവരി അവസാനം കേന്ദ്രമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. കൊണ്ടോട്ടിയിലെ ഹജ്ജ് ഹൗസില്‍ നടന്ന ഹജ്ജ് അപേക്ഷാഫോറം വിതരണവും ഹജ്ജ് ട്രയിനര്‍മാരുടെ പരിശീലന ക്ലാസും മന്ത്രി ഉദ്ഘാടനം ചെയ്തു. അബ്‍ദുറഹ്മാന്‍ എം എല്‍ എ, ഹജ്ജ് കമ്മിററി ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
